അരനൂറ്റാണ്ട് മുന്പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


ഷിംല: 51 കൊല്ലം മുമ്പ് ഹിമാചൽപ്രദേശിൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 1968 ഫെബ്രുവരി ഏഴിന് 98 സൈനികരുമായി റോഹ്താങ്കിൽ അപ്രത്യക്ഷമായ എ.എൻ-12 ബി.എൽ 534 വിമാനത്തിന്റെ ഭാഗങ്ങളാണ് ലോഹോൾ-സ്പിതി ജില്ലയിലെ ധാക്ക പർവതശിഖര മേഖലയിൽ കണ്ടെത്തിയത്.
ധാക്ക പർവതമേഖലയിലെത്തിയ വിമാനം ലക്ഷ്യസ്ഥാനത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രതികൂലകാലാവസ്ഥയെ തുടർന്ന് ചണ്ഡീഗഡിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നു എന്നാണ് നിഗമനം. വിമാനത്തിന്റെ പ്രധാനഭാഗങ്ങളും മൃതശരീരാവശിഷ്ടങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എഞ്ചിൻ, പ്രൊപ്പല്ലർ, ഇലക്ട്രിക് സർക്യൂട്ടുകൾ, ഇന്ധനടാങ്ക്, എയർ ബ്രേക്ക് അസംബ്ലി, കോക്പിറ്റ് ഡോർ തുടങ്ങിയ വിമാനഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 
2003 ൽ ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ ഈ വിമാനത്തിലുണ്ടായിരുന്ന സൈനികൻ ബേലി റാമിന്റെ മൃതശരീരം മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കരസേന നടത്തിയ പര്യവേക്ഷണത്തിനിടെ 2007 ഓഗസ്റ്റ് ഒമ്പതിന് കൂടുതൽ സൈനികരുടെ മൃതശരീരങ്ങൾ കണ്ടെത്തി. 2018 ജൂലായ് ഒന്നിന് മറ്റൊരു മൃതശരീരവും വിമാനത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ജൂലായ് 26 നാണ് വെസ്റ്റേൺ കമാൻഡിന്റെ കീഴിലുള്ള ഡോഗ്ര സ്കൗട്ട്സ് എഎൻ-12 ബിഎൽ 534 വിമാനത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള തീവ്രശ്രമം ആരംഭിച്ചത്. 13 ദിവസത്തെ തിരച്ചിലിനൊടുവിൽ 5,240 മീറ്റർ ഉയരത്തിൽ വിമാനത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താൻ ഡോഗ്ര സ്കൗട്ട് സംഘത്തിന് സാധിച്ചു. സൈനികരുടെ വ്യക്തിഗത വസ്തുവകകളും കണ്ടെത്തിയതായി ഔദ്യോഗികവക്താവ് അറിയിച്ചു.

You might also like

  • KIMS Bahrain Medical Center

Most Viewed