സുനന്ദ പുഷ്‌കര്‍ കടുത്ത മാനസികവേദന അനുഭവിച്ചിരുന്നതായി പോലീസ്


ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ കടുത്ത മാനസികവേദന അനുഭവിച്ചിരുന്നതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. ശശി തരൂര്‍ എംപിയുമായുള്ള ദാമ്പത്യജീവിതത്തിലെ പീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പോലീസ് ആരോപിക്കുന്നു. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന തരൂരിനെതിരെ ഐപിസി 498-എ  (ഭര്‍ത്താവോ ബന്ധുക്കളോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് ഇരയാക്കുക), 306 (ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനന്ദയുടെ മരണത്തിനു കാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ 15 പാടുകള്‍ ഉണ്ടായിരുന്നുവെന്നും പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനെ പോലീസ് അറിയിച്ചു.

article-image

കൈത്തണ്ട, കാലുകള്‍ എന്നിവിടങ്ങളിലാണു പരിക്ക്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടുള്ള വാദത്തിനിടെയാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ഉണ്ടായിരുന്ന ബന്ധവും ദാമ്പത്യത്തെ ബാധിച്ചിരുന്നുവെന്നു പ്രോസിക്യൂഷന്‍ പറയുന്നു. മെഹറിന് തരൂര്‍ അയച്ച ഇമെയിലുകള്‍ ലഭിച്ചുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ അത്തരം ഇമെയില്‍ സന്ദേശത്തെക്കുറിച്ച് അറിയില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്‌വ പറഞ്ഞു. ഓഗസ്റ്റ് 31-ന് കേസ് വീണ്ടും വാദം കേള്‍ക്കും.

You might also like

Most Viewed