മുൻ‍ധനമന്ത്രി അരുൺ‍ ജെയ്റ്റലി അന്തരിച്ചു


ന്യൂഡൽഹി: മുൻ‍ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ‍ ജെയ്റ്റ്ലി (66) അന്തരിച്ചു. ഡൽഹിയിലെ എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസറ്റ് ഒൻപതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർ‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്,  പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർ‍മല സീതാരാമൻ‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും ഈ ദിവസങ്ങളിൽ‍ അദ്ദേഹത്തെ കാണാൻ‍ എയിംസിൽ‍ എത്തിയിരുന്നു. 

സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബി.ജെ.പിക്ക് നഷ്ടമാക്കുന്നത്. ആർ‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബി.ജെ.പിയിലെ ബഹുഭൂരിപക്ഷം നേതാക്കളെങ്കിലും എബി.വി.പിയിലൂടെ വന്ന് പാർ‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റിലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലർ‍ത്തിയ ജെയ്റ്റലി ഇന്ത്യൻ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു. ഒന്നാം മോദി സർ‍ക്കാരിൽ‍ ധനമന്ത്രിയായിരുന്ന അരുൺ‍ ജെയ്റ്റലി മനോഹർ‍ പരീക്കർ‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവർ‍ത്തിച്ചിരുന്നു. അതോടൊപ്പം നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്നു ജയ്റ്റ്ലി പ്രഗൽ‍ഭനായ അഭിഭാഷകനും കൂടിയായിരുന്നു. ഇന്ത്യൻ സാന്പത്തികരംഗത്തെ മാറ്റിമറിച്ച രണ്ട് നിർ‍ണായക തീരുമാനങ്ങൾ‍ നടപ്പിലായത് ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് ജിഎസ്ടിയും നോട്ടുനിരോധനവും. 

You might also like

Most Viewed