ഭീകരർ‍ എത്തിയെന്ന് രഹസ്യവിവരം: കേരളത്തിൽ ഒരു സ്ത്രീ കസ്റ്റഡിയിൽ‍


കോയന്പത്തൂർ: തമിഴ്നാട്ടിലേക്കു 6 ലഷ്കർ ഇ തൊയിബ ഭീകരർ നുഴഞ്ഞുകയറിയെന്നു സ്ഥിരീകരിച്ചതോടെ പോലീസ് കര, വ്യോമ സേനകളുടെ സഹായം തേടി. അടിയന്തര സാഹചര്യങ്ങൾ‍ നേരിടാന്‍ സജ്ജരാകണമെന്ന സന്ദേശം സൈന്യത്തിനു കൈമാറിയതായി കോയന്പത്തൂർ‍ പോലീസ് കമ്മിഷണർ‍ സുമിത് ശരണൻ‍ അറിയിച്ചു. ഒരു പാക്ക് പൗരനും 5 ശ്രീലങ്കൻ പൗരന്മാരും എത്തിയെന്നാണു തമിഴ്നാട് പോലീസ് നൽകുന്ന സൂചന. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് ലഷ്കർ ഭീകരരുമായി ബന്ധമുണ്ടെന്നാണ് സൂചന. കേന്ദ്ര ഏജൻ‍സികൾ ഉൾ‍പ്പെടെ ഇവരെ ചോദ്യം ചെയ്യുകയാണെന്നാണു റിപ്പോർട്ട്.

തമിഴ്നാട്ടിൽ എഡി.ജി.പി ജയന്ത് മുരളി കോയന്പത്തൂരിൽ‍ തങ്ങിയാണ് സുരക്ഷ ക്രമീകരണങ്ങൾ‍ ഏകോപിപ്പിക്കുന്നത്. നഗരത്തിലേക്കു വരുന്നതും പോകുന്നതുമായ മുഴുവൻ‍ വാഹനങ്ങളും അരിച്ചുപൊറുക്കുന്നുണ്ട്. പ്രധാന റോഡുകൾ‍ക്കു പുറമെ ഇടറോഡുകളും പോലീസ് നിയന്ത്രണത്തിലാണ്. ഇതിനായി നഗരപരിധിയിൽ‍ മാത്രം 2000 പൊലീസുകാരെ നിയോഗിച്ചു. ഉക്കടം, കോട്ടമേഡ്, കുനിയമുത്തൂർ‍, കരന്പുകൈടെ തുടങ്ങിയ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങൾ‍ സായുധസേന അരിച്ചുപൊറുക്കി. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും പൂർ‍ണായിട്ടും പോലീസിന്റെ വലയത്തിനുള്ളിലാണ്. അടിയന്തിരസാഹചര്യം നേരിടാനായി കരസേനയെയും വ്യോമസേനയേയും വിവരമറിച്ചെന്ന പൊലീസ് കമ്മിഷണറുടെ പ്രതികരണം കൂടി വന്നതോടെ നഗരം ഭീതിയിലാണ്. ഐഎസുമായി ബന്ധവരുണ്ടെന്ന് സ്ഥിരീകരിച്ചതിനാൽ‍ കോയന്പത്തൂർ‍ പ്രശ്നബാധിത മേഖലയായാണ് സുരക്ഷ ഏജന്‍സികൾ‍ കാണുന്നത്. കേസിൽ‍ അറസ്റ്റിലായവർ‍ കോയന്പത്തൂർ‍ ചെന്നൈ, രാമനാഥപുരം, തേനി, മധുര, തിരുനെൽ‍വേലി സ്വദേശികളാണ്. ഇതും അതീവ ജാഗ്രത പ്രഖ്യാപിക്കാന്‍ ഇടയാക്കി. അതിനിടെ ലഷ്കറെ തയിബ ഭീകരരെ സഹായിച്ച മലയാളിയെ കുറിച്ചു ദുരൂഹത തുടരുകയാണ്. ഇയാൾ‍ തൃശൂർ‍ സ്വദേശിയാണെന്നാണ് വിവരം. ഫോട്ടോയും പാസ്പോർ‍ട്ട് വിവരങ്ങളും പോലീസ് മാധ്യമങ്ങൾ‍ക്ക് നൽ‍കിയെങ്കിലും ഡിജിപി ജെ.കെ. ദ്രിപതി ഇതുനിഷേധിച്ച് രംഗത്തെത്തി.

You might also like

Most Viewed