ജെയ്‍റ്റ്‍ലിയുടെ നിര്യാണത്തിൽ‍ അനുശോചിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി: ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുൺ  ജെയ്‍റ്റ്‍ലിയുടെ നിര്യാണത്തിൽ‍ അനുശോചിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. അരുൺ‍ ജെയ്‍റ്റ്‍ലിയുടെ നിര്യാണത്തിലൂടെ വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ‍ കുറിച്ചു. 

ദീർ‍ഘദൃഷ്ടിയും പ്രശ്നങ്ങളെ നേരിടാനും കാര്യങ്ങളെ അപഗ്രഥിക്കാനുമുള്ള കഴിവും അദ്ദേഹത്തെപോലെ വളരെ കുറച്ചുപേർക്ക് മാത്രമേയുള്ളുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

article-image

 നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ട ജെയ്റ്റലി ഒന്നാം മോദി സർ‍ക്കാരിൽ‍ ധനകാര്യമന്ത്രിയായിരുന്നു. മനോഹർ പരീക്കർ‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവർ‍ത്തിച്ചു. ജി.എസ്.ടിയും നോട്ടുനിരോധനവുമടക്കം ഇന്ത്യൻ‍ സാന്പത്തികരംഗത്തെയാകെ മാറ്റിമറിച്ച തീരുമാനങ്ങൾ‍ നടപ്പിലാക്കിയത് ജെയ്‍റ്റ്‍ലിയുടെ കാലത്തായിരുന്നു. എ.ബി.വിപിയിലൂടെ വന്ന് പാർ‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ അദ്ദേഹത്തിന്‍റെ നിര്യാണം ബിജെപിക്ക് വലിയ നഷ്ടമാണ്.

ജയ്റ്റ്ലിയെ അനുശോചിച്ച് മറ്റ് നേതാക്കൾ

അരുൺ ജയ്റ്റ്ലിയുടെ വിയോഗത്തിൽ വളരെയധികം ദുഃഖിക്കുന്നതായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. സമർഥനായ അഭിഭാഷകൻ, പരിചയസമ്പന്നനായ പാർലമെന്റേറിയൻ, സമുന്നതനായ മന്ത്രി എന്നീ നിലകളിൽ അദ്ദേഹം രാഷ്ട്രനിർമാണത്തിനു വളരെയധികം സംഭാവനകൾ നൽകിയതായും രാഷ്ട്രപതി പറഞ്ഞു. 

മികച്ച പാർലമെന്റേറിയനും സമർഥനായ അഭിഭാഷകനുമായിരുന്ന ജയ്റ്റ്ലി എല്ലാ പാർട്ടികൾക്കും സമ്മതനായിരുന്നെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും മമത പറഞ്ഞു. 

മികച്ച അഭിഭാഷകനും പ്രാസംഗികനുമായ ജയ്റ്റ്ലിജി തികച്ച അർപ്പണബോധത്തോടെയും അഭിനിവേശത്തോടെയുമാണ് രാഷ്ട്രത്തെ സേവിച്ചതെന്നു കേന്ദ്രമന്ത്രി സമൃതി ഇറാനി പറഞ്ഞു. അദ്ദേഹത്തിന് എല്ലാം ആദരങ്ങളും അർപ്പിക്കുന്നതായും അവർ ട്വിറ്ററിൽ കുറിച്ചു.  

വിഭിന്നമേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും  ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജയ്റ്റ്ലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തിൽ‍ പറഞ്ഞു. കേരളത്തിന്‍റെ സവിശേഷതകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

Most Viewed