ബംഗാളിൽ ഇടതുപക്ഷവുമായി കൈകോർക്കാൻ കോൺഗ്രസ്


കൊൽക്കത്ത: ബംഗാളിൽ നടക്കാൻ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷവുമായി കൈകോർക്കാൻ കോൺഗ്രസ്. സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധി ഇതിന് അനുമതി നൽകിയതായാണ് റിപ്പോർട്ട്. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെത്തുടർന്നാണ് ഇടതുമായി കൈകോർക്കാൻ സോണിയ അനുമതി നൽകിയത്. എന്നാൽ ഇടതുപക്ഷം ഇതിനോടു പ്രതികരിച്ചിട്ടല്ല. ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ സുമൻ മിത്രയുമായി വെള്ളിയാഴ്ച ‍ഡൽഹിയിൽ സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതുപക്ഷവുമായി സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന് മിത്രയും സ്ഥിരീകരിച്ചു. ഇടതുപക്ഷം സഹകരിക്കുമെങ്കിൽ സഖ്യമായി മുന്നോട്ട് പോകാമെന്ന് സോണിയ അറിയിച്ചതായി സുമൻ പറഞ്ഞു. 

മമത ബാനർജിയുമായി സോണിയ നല്ല ബന്ധമാണ് പുലർത്തുന്നതാണ്. എങ്കിലും സഖ്യത്തിനായി ഇടതുപക്ഷത്തെയാണ് തിരഞ്ഞെടുത്തത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിനോടായിരിക്കും കോൺഗ്രസിന്റെ പ്രധാന ഏറ്റുമുട്ടൽ. ബിജെപിയെ നേരിടുന്നതിന് തൃണമൂലുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം− മിത്ര പറഞ്ഞു.

കോൺഗ്രസും സി.പി.എമ്മും തമ്മിൽ സീറ്റു ചർച്ചകൾ തുടങ്ങിയതായാണ് വിവരം. 2016ൽ സി.പി.എമ്മും കോൺഗ്രസും സഖ്യമുണ്ടാക്കിയെങ്കിലും തൃണമൂലിനു മുന്നിൽ പരാജയപ്പെട്ടിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും സീറ്റ് വീതംവയ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ശ്രമം പരാജയപ്പെടുകയായിരുന്നു.

You might also like

Most Viewed