അരുൺ ജെയ്‌റ്റ്‌ലിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു


ന്യൂഡൽഹി: അന്തരിച്ച മുൻകേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്‌റ്റ്‌ലിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഡൽഹിയിലെ യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ സംസ്‌ക്കരിച്ചു. രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ ജയ്‌റ്റ്‌ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ഇവിടെ എത്തിയിരുന്നു. ഈ മാസം ഒന്പതിന് അനാരോഗ്യത്തെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുൺ ജെയ്‌റ്റ്‌ലി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇന്ന് ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കാനായി നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുവന്നത്. ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കപിൽ സിബൽ തുടങ്ങിയവർ സംസ്‌ക്കാര ചടങ്ങിന് എത്തിയിരുന്നു. വിദേശസന്ദർശത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല. ഇന്ന് പാരീസിൽ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ ബന്ധുക്കൾ തടയുകയായിരുന്നു.

ഒന്നാം മോദി മന്ത്രിസഭയിൽ ജയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ നടപ്പായത്. സുപ്രീംകോടതിയിൽ അഭിഭാഷകനായും രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും ശോഭിച്ചു. 

You might also like

Most Viewed