ഒക്‌ടോബർ 29 മുതൽ ദോഹ– ഡൽഹി കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ


ന്യൂഡൽഹി: ഒക്‌ടോബർ 29 മുതൽ എയർ ഇന്ത്യ ദോഹയിൽ നിന്നും ഡൽഹിയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങുന്നു. ആഴ്ചയിൽ 4 സർവീസുകളാണ് പുതുതായി ആരംഭിക്കുന്നത്. മാർച്ച് 2020 വരെ ഇതു തുടരും. നിലവിൽ എയർ ഇന്ത്യയുടെ അനുബന്ധ സർവീസായ എയർ ഇന്ത്യ എക്‌സ്പ്രസ് ദോഹയിൽ നിന്നും മുംബൈ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഒക്‌ടോബർ 29 മുതൽ എയർ ഇന്ത്യയുടെ എയർബസ് 321 വിമാനം ഡൽഹിയിൽ നിന്നു ദോഹയിലേക്കും തിരിച്ചും ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും സർവീസ് നടത്തുക. നിലവിൽ എയർ ഇന്ത്യയുടെ ദോഹ-ഡൽഹി ടിക്കറ്റ് നിരക്ക് ഇക്കോണമി ക്ലാസിൽ ഒരാൾക്ക് 695 റിയാലാണ്. പുതിയ സർവീസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.
അതേസമയം ശൈത്യകാലത്ത് ആരംഭിക്കുന്ന സർവീസ് വേനൽക്കാലത്ത് തുടരുമോയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതിനിടെ ദോഹയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രവാസികൾ യാത്ര ചെയ്യുന്ന കോഴിക്കോട്, കൊച്ചി നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാതെ ഡൽഹിയിലേക്ക് ആഴ്ചയിൽ 4 സർവീസുകൾ കൂടി തുടങ്ങിയതിൽ പ്രവാസി യാത്രക്കാർ പ്രതിഷേധത്തിലാണ്. 

You might also like

Most Viewed