ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍; ഭീകരാക്രമണ സാധ്യത ; ദക്ഷിണേന്ത്യയില്‍ കനത്ത സുരക്ഷ


ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു കരസേനയുടെ മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലിലെ സിര്‍ ക്രീക്കില്‍ ഏതാനും ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. കരസേനയുടെ മുന്നറിയിപ്പു ലഭിച്ചതോടെ കേരളത്തില്‍ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പ്രത്യേക നീരിക്ഷണം ഏര്‍പ്പെടുത്തി. ഓണാഘോഷത്തോടനുബന്ധിച്ച് തിരക്കുള്ള എല്ലായിടത്തും സവിശേഷ ശ്രദ്ധയുണ്ടാകണമെന്നു സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് ചീഫുമാര്‍ക്കു നിര്‍ദേശം നല്‍കി.

ഉപേക്ഷിക്കപ്പെട്ട ബോട്ടുകള്‍ കണ്ടെത്തിയെന്നും ഭീകരര്‍ ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ടേക്കാമെന്നും കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എസ്.കെ. സെയ്‌നിയാണ് അറിയിച്ചത്. ഏതു സാഹചര്യവും നേരിടാന്‍ െസെന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
കടലിനടിയിലൂടെയെത്തി ആക്രമണം നടത്താന്‍ പാകിസ്താന്‍ കമാന്‍ഡോകളുടെ മേല്‍നോട്ടത്തില്‍ ചാവേര്‍ ഭീകരര്‍പദ്ധതിയിടുന്നതായി നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് തീരം വഴി നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആ മേഖലയിലെ തുറമുഖങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതിനു പിന്നാലെ, ആറു ഭീകരര്‍ ശ്രീലങ്ക വഴി ഇന്ത്യയിലെത്തിയതായി മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരരുടെ തമിഴ്‌നാട് ബന്ധം രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
അതുമായി ബന്ധപ്പെട്ടും കേരളം നിരീക്ഷണത്തിലാണ്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ട ചാവേറാക്രമണവും തിരിച്ചടിയായി ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണവും ഇന്ത്യാ-പാക് െവെരം കൂടുതല്‍ ശക്തമാക്കി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് പാകിസ്താനെ കൂടുതല്‍ പ്രകോപിപ്പിച്ചു. രാജ്യാന്തര പിന്തുണ നേടുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതോടെയാണു തിരിച്ചടിക്കാന്‍ പാകിസ്താന്‍ ഭീകര സംഘടനകളെ കരുവാക്കുന്നത്. അതിനു കളമൊരുക്കാനായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്താന്‍ ജയിലില്‍നിന്നു വിട്ടയച്ചതായാണു സൂചന.

You might also like

Most Viewed