രാജ്യദ്രോഹക്കുറ്റം: ഷെഹ്‌ല റാഷിദിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി


ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മനുഷ്യാവകാശ പ്രവർത്തക ഷെഹ്‌ല റാഷിദിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഷെഹ്‌ല‍യ്ക്കു അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ചത്. ജമ്മുകാഷ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതാണ് ഷെഹ്‌ല‍യ്ക്കെതിരെ പോലീസ് കേസെടുത്തത്. സുപ്രീം കോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് കേസെടുത്തത്.പ്രതികൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടില്ലാത്തതിനാൽ അറസ്റ്റിൽനിന്ന് ഇടക്കാല പരിരക്ഷ അനുവദിച്ച് അഡീഷണൽ സെഷൻസ് ജഡ്ജ് പവൻകുമാർ ജെയ്ൻ ഉത്തരവിട്ടു. സൈന്യത്തിൽനിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിലെ പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ കുറഞ്ഞത് ആറാഴ്ച വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കേസിൽ വാദം കേൾക്കുന്നത് നവംബർ അഞ്ചിലേക്ക് മാറ്റി. അതുവരെ ഷെഹ്‌ലയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. അന്വേഷണവുമായി ഷെഹ്‌ല പൂർണമായും സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ കാഷ്മീരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്‌ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്‌ല റാഷിദ് പ്രതികരിച്ചത്.

You might also like

Most Viewed