കശ്മീരില്‍ എട്ട് ലഷ്‌കറെ തോയിബ തീവ്രവാദികള്‍ അറസ്റ്റില്‍


സോപോര്‍: കശ്മീര്‍ താഴ്‌വരയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്താനും സമാധാന അന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ച  സംഭവത്തില്‍ എട്ട് ലഷ്‌കറെ തോയിബ തീവ്രവാദികളെ കശ്മീരില്‍ പിടികൂടി. ദക്ഷിണ കശ്മീരിലെ സോപോറില്‍ നിന്നാണ് തിങ്കളാഴ്ച ഇവര്‍ അറസ്റ്റിലായത്. രണ്ടു ദിവസം മുന്‍പ് സോപോറില്‍ ഒരു പഴക്കച്ചവടക്കാരന്റെ വീട് ആക്രമിച്ച തീവ്രവാദികള്‍ രണ്ടു വയസ്സുള്ള പെണ്‍കുട്ടി അടക്കം നാലു പേരെ ഉപദ്രവിച്ചിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്താനും സമാധാന അന്തരീക്ഷം തകര്‍ക്കാനും ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. പ്രദേശത്ത് ഭീഷണി സന്ദേശങ്ങള്‍ നിറഞ്ഞ പോസ്റ്ററുകളും ഇവര്‍ പതിപ്പിച്ചിരുന്നു. ഐജാസ് മിര്‍, ഒമര്‍ മിര്‍, തസീഫ് നജര്‍, ഇമിത്യാസ് മജര്‍, ഒമര്‍ അക്ബര്‍, ഫൈസന്‍ ലത്തീഫ്, ദനീഷ് ഹബീബ്, ഷൗക്കത്ത് അഹമ്മദ് മിര്‍ എന്നിവരാണ് പിടിയിലായത്. പോസ്റ്ററുകള്‍ തയ്യാറാക്കിയ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നതിന് ഇവര്‍ക്ക് മറ്റ് മൂന്നു പേരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് പോലീസ് പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം കഴിഞ്ഞ ഒരു മാസത്തിലേറെയായി മേഖലയില്‍ അധിക സുരക്ഷാസേനയെ വിന്യസിച്ച് അതീവ സുരക്ഷയാണ് പാലിച്ചുപോരുന്നത്. പ്രകോപനമുണ്ടാക്കുന്ന പോസ്റ്ററുകളും മറ്റും മേഖലയില്‍ ഒരിടത്തും പതിപ്പിക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രതയും പാലിക്കുന്നുണ്ട്.

You might also like

Most Viewed