കശ്മീര്‍ വിഷയത്തില്‍ ചൈന-പാകിസ്താന്‍ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളി; കശ്മീരിലെ തത്സ്ഥിതി നിലനിര്‍ത്തണം


ന്യുഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈനയും പാകിസ്താനും നടത്തിയ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളി. കാലങ്ങളായി തര്‍ക്കത്തിലുള്ള പ്രശ്‌നം പരസ്പരം മാനിച്ചും തുല്യതയോടുമുള്ള ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന പ്രസ്താവനയാണ് ഇന്ത്യ തള്ളിയത്. ചൈനീസ് വിദേശകാര്യമന്ത്രി അടുത്തിടെ നടത്തിയ സന്ദര്‍ശനത്തിനു ശേഷം ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈനയും പാകിസ്താനും നടത്തിയ സംയുക്ത പ്രസ്താവനയെ ഇന്ത്യ തള്ളിക്കളയുന്നുവെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ ഇന്ത്യ ഏറെക്കാലമായി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇടനാഴി കടന്നുപോകുന്നത് ഇന്ത്യയുടെ ഭൂപ്രകൃതിയിലൂടെയാണ്. അത് 1947മുതല്‍ പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്നും റവീഷ് കുമാര്‍ പറഞ്ഞു. പാക് അധീന കശ്മീരില്‍ തത്‌സ്ഥിതി തുടരണമെന്നും അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന മറ്റു രാജ്യങ്ങളുടെ ഏതൊരു നീക്കത്തെയും ഇന്ത്യ ദൃഢനിശ്ചയത്തോടെ എതിര്‍ക്കുമെന്നും റവീഷ് കുമാര്‍ പറഞ്ഞു.

You might also like

Most Viewed