മോട്ടോർ വാഹന നിയമം: കേന്ദ്ര സര്‍ക്കാര്‍ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങള്‍


ന്യൂഡൽഹി: ട്രാഫിക് നിയമ ഭേദഗതിയിലെ ഉയർന്ന പിഴ വ്യവസ്ഥക്കെതിരെ ബി.ജെ.പി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്. പിഴ തുക കുറയ്ക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെട്ടു. അതേസമയം, കർണ്ണാടക സര്‍ക്കാര്‍ ഉയർന്ന പിഴ തുകയിൽ ഇളവ് നല്‍കി. ഗുജറാത്തിന് പിന്നാലെ ഉത്തരാഖണ്ഡും ഇന്നലെ പിഴ കുറച്ചിരുന്നു.
ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയിൽ ഇളവ് വരുത്തുന്നത് പരിശോധിക്കാൻ ഗതാഗത സെക്രട്ടറിക്ക് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിർദ്ദേശം നൽകി. ഗുജറാത്ത്‌ സർക്കാരിന്‍റെ ഉത്തരവ് പഠിച്ച് റിപ്പോർട്ട്‌ നൽകാനാണ് നിർദേശം. പൊതുവികാരം കണക്കിലെടുത്ത് നാല് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവധിയും വ്യക്തമാക്കി. 

നിയമ ഭേദഗതി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സർക്കാരുകൾ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാത്ത നിയമം കേരളത്തില്‍ തിടുക്കത്തിൽ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ  സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ കുറയ്ക്കില്ല. മൊബൈൽ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ല. അടുത്ത തിങ്കളാഴ്ചയ്ക്കകം നിയമ ഭേദഗതി പ്രതീക്ഷിക്കുന്നു. അതുവരെ ബോധവത്കരണം തുടരുമെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

You might also like

Most Viewed