മുൻ കർണ്ണാടക മന്ത്രി ഡി കെ ശിവകുമാറിന്‍റെ മകളെയും എൻഫോഴ്‍സ്മെന്‍റ് ചോദ്യം ചെയ്തു


ന്യൂഡൽഹി: മുൻ കർണ്ണാടക മന്ത്രി ഡി കെ ശിവകുമാറിന്‍റെ മകൾ ഐശ്വര്യയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം  വെളുപ്പിക്കൽ കേസിലാണ് ശിവകുമാറിന്‍റെ 23 കാരിയായ മകളെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ബംഗളൂരുവിൽ താമസിക്കുന്ന ഐശ്വര്യയെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. 
2013ൽ ഒരു കോടി രൂപ ആസ്തിയുണ്ടായിരുന്ന ഐശ്വര്യയുടെ സമ്പത്ത് 2018 ആയപ്പോഴേക്കും 100 കോടിയായി ഉയർന്നെന്നാണ് എൻഫോഴ്സ്മെന്‍റ് കണ്ടെത്തൽ ഇത് എങ്ങനെ എന്നതിലാണ് അന്വേഷണം നടത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള പണമിടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും എൻഫോഴ്സ്മെന്‍റ് സംശയമുന്നയിക്കുന്നു. ഐശ്വര്യയും അച്ഛൻ ശിവകുമാറും 2017 ജൂലൈയിൽ സിംഗപ്പൂർ സന്ദർശനത്തിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലാണ്.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ചയാണ്  ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

You might also like

Most Viewed