ഇ-സിഗററ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ: ലംഘിച്ചാല്‍ 1 വര്‍ഷം തടവും 1 ലക്ഷം പിഴയും


ന്യൂഡൽഹി:രാജ്യത്ത് ഇ-സിഗററ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് കേന്ദ്ര സർക്കാർ പുറത്തിറക്കി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-സിഗ‌ററ്റുകളുടെ നിർമ്മാണം, കയറ്റുമതി, ഇറക്കുമതി, വിൽപനയും വ്യാപാരവും, ശേഖരണം, പരസ്യം (ഓണ്‍ലൈനുകളിൽ ഉൾപ്പെടെ എല്ലാ പരസ്യങ്ങളും) നിരോധിച്ചുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അനുമതി നൽകിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഓർഡിനൻസിലൂടെ ഇ-സിഗററ്റുകൾ നിരോധിക്കാൻ തീരുമാനിച്ചത്.നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ പിഴയും അല്ലെങ്കിൽ രണ്ടും എന്നതാകും ആദ്യ ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ അഞ്ചു ലക്ഷം രൂപയും തടവ് മൂന്നു വർഷവുമായി കൂടും. ഇ-സിഗരറ്റുകൾ ശേഖരിച്ചതായി കണ്ടെത്തിയാലും ആറു മാസം തടവും 50,000 രൂപ പിഴയും ലഭിക്കും.

ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ–സിഗററ്റ്. കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ തോന്നും. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. മൂവായിരത്തിനും 30,000നും ഇടയിലാണ് ഇ–സിഗരറ്റിന്റെ വില. നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ മുടക്കണം. നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു വില വ്യത്യാസം.

You might also like

Most Viewed