ലൈംഗികാരോപണം: ബി.ജെ.പി നേതാവ് ചിന്മയാനന്ദയെ അറസ്റ്റ് ചെയ്തു


ലക്‌നൗ: ഏറെ വിവാദമായ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. യുപിയിലെ ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നുമാണ് പിടികുടിയത്. ചിന്മയാനന്ദയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നിയമവിദ്യാത്ഥിനി രംഗത്ത് എത്തിയ കേസിലെ തുടര്‍സംഭവങ്ങള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ആരോപണം നിഷേധിച്ച് ചിന്മയാനന്ദ രംഗത്ത് വന്നിരുന്നെങ്കിലും സംഭവത്തില്‍ പെന്‍ഡ്രൈവിലായി സൂക്ഷിച്ചിരുന്ന 43 വീഡിയോകള്‍ അടക്കം ഒട്ടേറെ തെളിവുകള്‍ പെണ്‍കുട്ടി സമര്‍പ്പിച്ചതോടെയാണ് അന്വേഷണ സംഘം അറസ്റ്റിന് തയ്യാറായത്. 

സംസ്ഥാനത്തെ കരുത്തനായ നേതാക്കളിൽ ഒരാളായ ചിന്മയാനന്ദിനെ യുപി പോലീസ് തൊടുന്നില്ലെന്ന ആരോപണങ്ങൾ വ്യാപകമായിരുന്നു. ബലാത്സംഗപരാതി നൽകിയ പെൺകുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘം, പരാതി കിട്ടി രണ്ടാഴ്ചയോളം ചിന്മയാനന്ദിനെ ഒന്ന് വിളിച്ച് വരുത്തുക പോലും ചെയ്തില്ല. 73 വയസ്സുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്‍പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ഈ മാസം 13-ന് ചിന്മയാനന്ദിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ രാത്രി ഒരു മണി വരെ നീണ്ടു. ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും ഒരു വർഷത്തോളം പീഡനം തുടർന്നെന്നുമാണ് കേസ്. ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരം വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ പരാതിയിലുണ്ട്.
ഹോസ്റ്റലിൽ പെൺകുട്ടി കുളിക്കുന്നതിന്‍റെ വീഡിയോ എടുപ്പിച്ച ചിന്മയാനന്ദ് അതുപറഞ്ഞാണ് ഭീഷണി തുടങ്ങിയത്. ചിന്മയാനന്ദിന്‍റെ അനുയായികൾ തോക്കുമായി വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തന്നെ ചിന്മയാനന്ദ് ഉപദ്രവിക്കുന്നതിന്‍റെ തെളിവുകളുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. കണ്ണടയിൽ ചെറിയ സ്പൈ ക്യാമറ ഘടിപ്പിച്ച് റെക്കോഡ് ചെയ്ത ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി ചിന്മയാനന്ദ് സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഈ സംഭവം ആദ്യം പൊതുശ്രദ്ധയിൽ വരുന്നത് ഇത്തരത്തിലൊരു ആരോപണം ഫേസ്ബുക്കിൽ പെൺകുട്ടി കുറിച്ചപ്പോഴാണ്. പോസ്റ്റിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പെൺകുട്ടി ടാഗ് ചെയ്തിരുന്നു. എന്നാൽ ചിന്മയാനന്ദിന്‍റെ പേര് പോസ്റ്റിൽ പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടിയെ ആഗസ്റ്റ് 24-ന് കാണാതായി. പിന്നീട് പെൺകുട്ടിയുടെ അച്ഛനാണ് അവരെ ഉപദ്രവിച്ചത് ചിന്മയാനന്ദാണെന്ന് വെളിപ്പെടുത്തിയത്.

 

പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം പോലീസ് രാജസ്ഥാനിൽ വച്ച് പെൺകുട്ടിയെ കണ്ടെത്തി. കേസ് സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടപ്പോൾ, പെൺകുട്ടിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. രാജസ്ഥാനിൽ നിന്ന് ദില്ലിയിലെത്തിച്ച പെൺകുട്ടിയോട് നേരിട്ട് സുപ്രീംകോടതി സംസാരിച്ചു. അതിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. പ്രത്യേക അന്വേഷണസംഘമാകട്ടെ പെൺകുട്ടിയെ തുടർച്ചയായി 15 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ചിന്മയാനന്ദിനെ വിളിച്ചുവരുത്തിയില്ല. ഇത് വലിയ വിവാദങ്ങളുയർത്തിയ സാഹചര്യത്തിലാണ് ഒടുവിൽ ചിന്മയാനന്ദിനെ ചോദ്യം ചെയ്യുന്നതും പിന്നീട് അറസ്റ്റ് ചെയ്യുന്നതും. 

 

You might also like

Most Viewed