92ാം പിറന്നാൾ നിറവിൽ എൽ.കെ അദ്വാനി : ആശംസകളുമായി പ്രധാനമന്ത്രി


ന്യൂഡൽഹി: ബി.ജെ.പിയുടെ മൂതിർന്ന നേതാവ് എൽ.കെ അദ്വാനിയുടെ 92ാം പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണെന്ന് മോദി പിറന്നാൾ ആശംസയിൽ കുറിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയ്ക്ക് നിർണായക സ്വാധീനം നേടിക്കൊടുത്തത് അദ്വാനിയാണെന്നും മോദി കൂട്ടിച്ചേർത്തു.
''അദ്വാനിജിയ്ക്ക് പൊതുപ്രവർത്തനം എപ്പോഴും മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽ പോലും അദ്ദേഹം അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. നമ്മുടെ ജനാധിപത്യത്തിന് സംരക്ഷണം ആവശ്യം വന്നപ്പോൾ അദ്ദേഹം മുൻപന്തിയിലായിരുന്നു. മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവുകൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടു''- മോദി ട്വീറ്റ് ചെയ്തു.
ബി.ജെ.പിക്ക് രൂപവും കരുത്തും നൽകാനായി അദ്ദേഹം പതിറ്റാണ്ടുകളോളം അധ്വാനിച്ചു. ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റിയെന്നും മോദി പറഞ്ഞു. 1927 ൽ കറാച്ചിയിലാണ് എൽ.കെ അദ്വാനി ജനിക്കുന്നത്. വിഭജനത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. ബി.ജെ.പിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ അദ്ദേഹം ഏറ്റവും കൂടുതൽ കാലം ബി.ജെ.പി പ്രസിഡന്റായിരുന്ന വ്യക്തിയുമാണ്.

You might also like

Most Viewed