നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ മുൻ ധനകാര്യ സെക്രട്ടറിയുടെ കുറിപ്പ് ചർച്ചയാകുന്നു


ന്യൂഡൽഹി : കള്ളപ്പണക്കാർക്കെതിരെയുള്ള സർജിക്കൽ സ്‌ട്രൈക്കായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടിയ നോട്ടുനിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ പുതുതായി പുറത്തിറക്കിയ 2000 നോട്ടിനെ കുറിച്ചും ചർച്ചയുയരുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 നോട്ടുകളിൽ നല്ലൊരു ഭാഗവും ഇപ്പോൾ പ്രചാരത്തിലില്ലെന്ന വാദവുമായി എത്തിയിരിക്കുകയാണ് മുൻ ധനകാര്യ സെക്രട്ടറിയായ സുഭാഷ് ചന്ദ്ര ഗാർഗ്. നോട്ടുനിരോധനത്തിന് ശേഷം പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടുകൾ പൂഴ്ത്തിവച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഈ നോട്ടുകൾ നിരോധിക്കുവാൻ വളരെ എളുപ്പവുമാണ്. ബാങ്കിൽ തിരികെ എത്തുന്ന രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തേക്ക് വിതരണത്തിനയക്കാതെ എളുപ്പത്തിൽ ഈ നോട്ടിന്റെ വ്യാപനം നിർത്തലാക്കാനാവും. നിലവിൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യത്തിൽ മൂന്നിലൊന്നും രണ്ടായിരത്തിന്റേതാണ്. മോദി സർക്കാരിൽ ധനകാര്യ സെക്രട്ടറി പദവിയിൽ നിന്നു ഊർജ സെക്രട്ടറിയായി തരം താഴ്ത്തിയതോടെ സുഭാഷ് ചന്ദ്ര സർവീസിൽ നിന്നും വിരമിച്ചിരുന്നു. നോട്ടു നിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ ബ്‌ളോഗിൽ അദ്ദേഹം എഴുതിയ കുറിപ്പ് പ്രാധാന്യത്തോടെയാണ് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

You might also like

Most Viewed