അയോധ്യ: തർക്ക ഭൂമി ഹിന്ദുക്കൾക്ക്, പകരം മുസ്ലിംകൾക്ക് 5 ഏക്കർ ഭൂമി


 

ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.  തർക്കഭൂമിക്ക് പുറത്ത് കേന്ദ്രസർക്കാർ മുസ്ലിംകൾക്ക് ഭൂമി ഏറ്റെടുത്തു നൽകണമെന്നും വിധിയിൽ പറയുന്നു.  മൂന്നുമാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ എടുത്തു പറയുന്നുണ്ട്.

അതേസമയം, കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസർക്കാർ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്‍റെ ഉടമസ്ഥത. ക്ഷേത്രം നിർമിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തർക്കഭൂമി മൂന്നു പേർക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിർമിക്കാനുള്ള കർമപദ്ധതി കേന്ദ്രം തയാറാക്കണം.  

രാവിലെ കൃത്യം പത്തരയ്ക്കു തുടങ്ങിയ വിധി പ്രസ്താവം മുക്കാൽ മണിക്കൂറോളം നീണ്ടു. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. 64 ഏക്കറാണ് അയോധ്യയിൽ ഉള്ളത്. ഇതിൽ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അഞ്ചേക്കർ ഭൂമി അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

You might also like

Most Viewed