മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ ആത്മഹത്യ: അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിന്


ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസ് സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തമിഴ്‌നാട് സ‍ർക്കാർ നിയോഗിച്ചു. സെന്റ്രൽ ക്രൈം ബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയ‍ര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നും കമ്മീഷണർ എ.കെ വിശ്വനാഥൻ വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടാകും. ഫാത്തിമ ലത്തീഫിന്‍റെ കുടുബം ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതി നല്‍കിയിരുന്നു. അതിനിടെ ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അദ്ധ്യാപകരെ പോലീസ് ചോദ്യം ചെയ്തു.
ഫാത്തിമയുടെ ആത്മഹത്യയില്‍ ആരോപണം നേരിടുന്ന മദ്രാസ് ഐ.ഐ.ടിയിലെ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്ന് ചെന്നൈ പോലീസ് വ്യക്തമാക്കി. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണം എന്ന് നിരവധി വിദ്യാര്‍ത്ഥികൾ ആവശ്യപ്പെട്ടു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അദ്ധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം.  ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അദ്ധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പോലീസിന് മൊഴി നല്‍കി. സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്.

You might also like

Most Viewed