രാജ്യത്തെ13 നഗരങ്ങളില്‍ വിതരണം ചെയ്യുന്നത് കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം


ന്യൂഡൽഹി: തിരുവനന്തപുരം ഉള്‍പ്പെടെ  രാജ്യത്തെ 13 സുപ്രധാന നഗരങ്ങളിൽ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമില്ലാത്തതും കുടിക്കാൻ യോഗ്യമല്ലാത്തതുമാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 21 പ്രമുഖ നഗരങ്ങളിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് പുറത്തുവന്നത്.
രാജ്യ തലസ്ഥാനമായ ഡൽഹിയുൾപ്പെടെയുള്ള 13 സംസ്ഥാന തലസ്ഥാനങ്ങളിൽ പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കുടിക്കാൻ യോഗ്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നത്. ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് കുടിക്കാൻ യോഗ്യമായ പൈപ്പ് വെള്ളം ലഭിക്കുന്നത് മുംബൈയിൽ മാത്രമാണെന്നും റിപ്പോർട്ട് പുറത്തുവിടവെ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ വ്യക്തമാക്കി. ഡൽഹിയിലെ 11 സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പൈപ്പ് വെള്ളത്തിന്റെ സാമ്പിളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. എന്നാൽ മുംബൈയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളെല്ലാം പൈപ്പ് വെള്ളം കുടിക്കാൻ യോഗ്യമാണെന്ന് തെളിയിച്ചതായും മന്ത്രി പറഞ്ഞു.
കുടിക്കാൻ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതിൽ കേരളത്തിലെ തിരുവനന്തപുരവുമുണ്ട്. ചണ്ഡിഗഡ്, പാട്ന, ഭോപാൽ,ഗുവാഹട്ടി, ബെംഗളൂരു, ഗാന്ധിനഗർ, ലഖ്നൗ, ജമ്മു, ജയ്പുർ,ഡെറാഡുൺ, ചെന്നൈ, കൊൽക്കത്ത എന്നിവയാണ് മറ്റ് നഗരങ്ങൾ.
ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ എന്ത് സഹായമാണ് കേന്ദ്രം നൽകേണ്ടതെന്ന് സംസ്ഥാനങ്ങൾക്ക് കത്തെഴുതി ചോദിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് കുടിക്കാൻ യോഗ്യമായ ശുദ്ധമായ വെള്ളം പൈപ്പിൽ നിന്ന് ലഭിക്കണം. രോഗങ്ങളുണ്ടാക്കുന്ന വെള്ളം അവർക്ക് ലഭിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed