ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണം; അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും


ന്യൂഡല്‍ഹി: ചെന്നൈ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തില്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്ന അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഇന്ന് ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ചെന്നൈയില്‍ നിന്നും ഇന്നലെ തിരിച്ചെത്തിയ ഫാത്തിമയുടെ മാതാപിതാക്കള്‍ ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെയും കാണുന്നുണ്ട്. വിഷയം ഇന്ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതാകാല സമ്മേളനത്തിലും ഉയര്‍ന്നു വന്നേക്കുമെന്നാണ് സൂചന. 
വിദ്യാര്‍ത്ഥികളും പ്രക്ഷോഭം ശക്തമാക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. സംഭവത്തില്‍ വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധവും ഉയരുന്നുണ്ട്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ആഭ്യന്തര അന്വേഷണത്തിന് സ്ഥാപനം ഉത്തരവിട്ടിട്ടില്ല എന്നതിനെ തുടര്‍ന്ന് നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ വന്‍ വിദയാര്‍ത്ഥി പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരത്തെ നിവേദനം നല്‍കിയെങ്കിലും അതിനോട് പ്രതികരിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയിട്ടില്ല. കാര്യങ്ങള്‍ വേഗത്തില്‍ നടന്നില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് വിദ്യാര്‍ത്ഥി കൂട്ടായ്മയിലെ ഒരു വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം ഫാത്തിമയുടെ കൂട്ടുകാരുടെ മൊഴിയെടുത്തെങ്കിലും അവരാരും അദ്ധ്യാപകര്‍ക്കെതിരേ ഒന്നും പറയാന്‍ മുതിര്‍ന്നിട്ടില്ല. അതിനിടയില്‍ സ്ഥാപനത്തിന്റെ സാംസ്‌ക്കാരിക പരിപാടികളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന അദ്ധ്യാപകന്‍ ഹേമചന്ദ്രന്റെ പേരും ആത്മഹത്യാകുറിപ്പിലുണ്ട് എന്നത് വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്. ഫാത്തിമയുടെ കുടുംബം ഇന്ന് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കാണുന്നുണ്ട്. അന്വേഷണത്തിന്റെ വിവരങ്ങളും ധരിപ്പിക്കും.
 

You might also like

Most Viewed