പാര്‍ലമെന്റ് സമ്മേളനം ഇന്നു മുതല്‍ : 27ബില്ലുകള്‍ പാസാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം. ഡിസംബര്‍ 13 വരെ നടക്കുന്ന സമ്മേളനത്തില്‍ 27ബില്ലുകള്‍ പാസാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ശിവസേന പ്രതിപക്ഷ ബെഞ്ചിലേക്കു മാറുന്നതാകും പ്രധാന രാഷ്ട്രീയമാറ്റം. 15 എം.പിമാരാണു ലോക്‌സഭയില്‍ ശിവസേനയ്ക്കുള്ളത്.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഉതകുന്ന നിര്‍ണായക പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റിലുണ്ടാകുമെന്നാണു പ്രതീക്ഷ. കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഇ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരും. വിവാദമായ പൗരത്വ(ഭേദഗതി)ബില്ലും പാര്‍ലമെന്റിലെത്തും. അയല്‍രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, െജെന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണു പൗരത്വ ഭേദഗതി ബില്‍. ഡല്‍ഹിയിലെ അനധികൃത കോളനികളെ ക്രമപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ മര്‍ദിക്കുന്നത് തടയാനുള്ള നിയമം എന്നിവയും അവതരിപ്പിക്കും. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്ലും പരിഗണനയ്‌ക്കെത്തും.
ട്രാന്‍സ്‌ജെന്‍ഡര്‍ പഴ്‌സണ്‍(പ്രൊട്ടക്ഷന്‍ ഓഫ് െറെറ്റ്‌സ്) ബില്‍, മെഡിക്കല്‍ കമ്മീഷന്‍ ബില്‍, ഗര്‍ഭപാത്രം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത് തടയുന്ന സറോഗസ്സി (റെഗുലേഷന്‍) ബില്‍ എന്നിവയും അവതരിപ്പിക്കപ്പെടും. ഈ മാസം 26 നു ഭരണഘടനാ ദിനമായും പാര്‍ലമെന്റ് ആഘോഷിക്കും.

You might also like

Most Viewed