ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു


ന്യൂഡൽഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇനിയുള്ള നിയമപോരാട്ടങ്ങൾ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാകും. അയോദ്ധ്യയിലെ പുനഃപരിശോധനാ ഹർജികളും ശബരിമലയിലെ വിശാലബെഞ്ചുമെല്ലാം ഇനി ജസ്റ്റിസ് ബോബ്ഡെയുടെ നേതൃത്വത്തിൽ പരിഗണിച്ചേക്കും. 17 മാസം അദ്ദേഹം ഈ പദവിയിലുണ്ടാകും. 2021 ഏപ്രിൽ 23-ന് ബോബ്ഡെ വിരമിക്കും മുൻപായി ശബരിമല വിഷയത്തിൽ അന്തിമതീർപ്പ് വരുമോയെന്നാകും കേരളം ഉറ്റുനോക്കുന്നത്.
1956 ഏപ്രിൽ 24-ന് മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ബോബ്ഡെ ജനിച്ചത്. മുതിർന്ന അഭിഭാഷകനായിരുന്നു അരവിന്ദ് ശ്രീനിവാസ് ബോബ്ഡെയാണ് പിതാവ്. നാഗ്പുർ സർവകലാശാലയിൽനിന്ന് നിയമബിരുദം പൂർത്തിയാക്കി 1978-ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. 1998-ൽ മുതിർന്ന അഭിഭാഷക പദവി ലഭിച്ച ബോബ്ഡെ 2000 മാർച്ച് 29-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2012-ൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 ഏപ്രിൽ 12-നാണ് സുപ്രീംകോടതിയിലെത്തിയത്.
 

You might also like

Most Viewed