അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍: പട്ടികയില്‍ ബി.പി.സി.എല്ലും


ന്യൂഡല്‍ഹി: ബി.പി.സി.എല്‍ (ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) ഉള്‍പ്പെടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. എസ്.സി.ഐ(ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ), കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ടി.എച്ച്.ഡി.സി(തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍), നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികളാകും വില്‍കുകയെന്നു കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
37 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ബി.പി.സി.എല്ലിന്റെ 53.29 ശതമാനം ഓഹരികളാകും വില്‍ക്കുക. കഴിഞ്ഞ വര്‍ഷം 7,132 കോടിയുടെ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് ബിപിസിഎല്‍. 63.75 ശതമാനത്തില്‍ മുന്തിയഭാഗം ഓഹരിയും വില്‍ക്കുന്നതോടെ സര്‍ക്കാരിന് കമ്പനിയുടെ നിയന്ത്രണാധികാരം തന്നെ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. 15,000 ലധികം റീട്ടെയ്ല്‍ പമ്പുകളുണ്ട്. ബി.പി.സി.എല്ലിന്റെ വില്‍പ്പന നടത്തുന്ന ഓഹരികളില്‍ കൊച്ചിന്‍ റിഫൈനറിയുമുണ്ട്. അതേസമയം അസമിലെ നുമലിഗഡ് റിഫൈനറി ഒഴിവാക്കിയിട്ടുണ്ട്. എസ്.സി.ഐയുടെ 53.75 ശതമാനവും കോണ്‍കോറിന്റെ 30.9 ശതമാനവും ഓഹരികളാണ് വില്‍ക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന് പറഞ്ഞിരുന്നു.
കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്റെ 30.9 ശതമാനം ഓഹരികളാണ് വില്‍പ്പന നടത്തുന്നത്. ടെറി ഹൈഡ്രോ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 74.23 ഓഹരികളും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ 100 ശതമാനം ഓഹരികളും എന്‍.ടി.പി.സിയ്ക്കാണ് കൈമാറുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി 51 ശതമാനത്തില്‍ താഴെയാക്കുകയും ചെയ്യും. ഐ.ഒ.സിയില്‍ കേന്ദ്രത്തിന് 51.5 ശതമാനം ഓഹരിയാണ് ഉള്ളത്.

You might also like

Most Viewed