ഇതാ ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്


ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി മുസാഫര്‍പൂര്‍ സ്വദേശി ശിവാംഗി. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ എ കെ ചൗല ശിവാംഗിക്ക് പറന്നുയരാനുള്ള അനുമതി പത്രം നൽകി. രണ്ട് ഘട്ടങ്ങളായി ഒരുവർഷം നീണ്ട കഠിന പരിശീലനത്തിന് ഒടുവിലാണ് ശിവാംഗി തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. 

കാലങ്ങളായുള്ള തന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്‍റെ സന്തോഷത്തിലാണ് ശിവാംഗി. താനിപ്പോള്‍ അനുഭവിക്കുന്ന സന്തോഷം എന്താണെന്ന് വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ലെന്ന് ചിരിയോടെ ശിവാംഗി പറയുന്നു. വെറും 10 വയസ്സുള്ളപ്പോള്‍ ആണ് പൈലറ്റ് എന്ന മോഹം ശിവാംഗിയില്‍ കയറികൂടുന്നത്. വലിയ വിമാനം ഓടിക്കുന്ന പൈലറ്റിനെ കണ്ട് അത്ഭുതപ്പെട്ട ആ കു‌ഞ്ഞുകുട്ടിയില്‍ നിന്ന് ഒടുവില്‍ ചരിത്രനേട്ടത്തിലേക്ക് ശിവാംഗി ഓടിയെത്തിയിരിക്കുന്നു. 10 വയസ്സുള്ളപ്പോള്‍ മന്ത്രിയുമായെത്തിയ ഒരു വിമാനം ശിവാംഗി കാണാനിടയായി. അന്നാണ് ആ വലിയ വിമാനം ഓടിക്കുന്ന ആളെ ശിവാംഗി ശ്രദ്ധിച്ചത്. വളരെ വ്യത്യസ്ഥമായ ഒരു ജോലിയായി അന്നുതന്നെ തനിക്കത് തോന്നിയിരുന്നെന്നും ശിവാംഗി പറയുന്നു.
നാവിക സേനക്ക് ഇത് അഭിമാന നിമിഷമാണെന്ന് വൈസ് അഡ്മിറൽ എ .കെ ചൗള പറഞ്ഞു. കൂടുതൽ വനിതകൾ ഈ മേഖലയിലേക്ക് കടന്ന് വരണമെന്നും വൈസ് അഡ്‍മിറല്‍ പറയുന്നു. ദിവ്യ, ശുഭാംഗി എന്ന രണ്ടു വനിതകൾ കൂടി ഈ മാസം അവസാനത്തോടെ ഇന്ത്യൻ നാവിക സേന പൈലറ്റ് ആയി പരിശീലനം പൂർത്തിയാക്കും. വിവിധ വിഭാഗങ്ങളിലായി നിലവിൽ 370 വനിതകളാണ് നാവിക സേനയിൽ ഉള്ളത്.

You might also like

Most Viewed