നിര്‍ഭയ കേസ് പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റിയേക്കും; തൂക്കു കയര്‍ തയ്യാറാക്കാന്‍ നിര്‍ദേശം


ന്യൂഡൽഹി: രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും. അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോർട്ടുകൾ.

നിർഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വർഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച. പ്രതികളുടെ ദയാഹർജി രാഷ്ട്രപതി ഉടൻ തള്ളുമെന്നാണ് അറിയുന്നത്. തന്റെ അനുമതിയില്ലാതെ അയച്ചതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച പ്രതികളിലൊരാളായ വിനയ് ശർമ്മ ദയാഹർജി തള്ളണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. കേസിൽ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികൾ തിഹാർ ജയിലിലാണുള്ളത്. ഇതിനിടെ ബിഹാറിലെ ബക്സാർ ജില്ലയിലെ ഒരു ജയിൽ അധികൃതർക്ക് 10 തൂക്കൂ കയറുകൾ തയ്യാറാക്കാൻ നിർദേശം ലഭിച്ചു. ഡിസംബർ 14−ന് മുമ്പ് തൂക്കു കയർ തയ്യാറാക്കി നൽകണമെന്ന് തങ്ങൾക്ക് ജയിൽ ഡയറക്ടറേറ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി ബുക്സർ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചു.  

പാരാ മെഡിക്കൽ വിദ്യാർത്ഥിനിയെ 2012 ഡിസംബർ 16നു രാത്രി ഡൽഹിയിൽ ഓടുന്ന ബസിലാണ്  പീഡനത്തിനിരയായത്. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്കുശേഷം  വിദ്യാർത്ഥിനി മരിച്ചു. കേസിലെ 6 പ്രതികളിലൊരാൾ ഡ്രൈവർ രാംസിംങ് ജയിലിൽ ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ 4 പേരെ വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇതു ശരിവച്ചു.

You might also like

Most Viewed