എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ മര്‍ദിച്ചു; തളിപ്പറമ്പില്‍ മിന്നല്‍ പണിമുടക്ക്


തളിപ്പറമ്പ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്.ഡി.പി.ഐ. നടത്തിയ പ്രകടനത്തിനിടെ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ മർദ്ദനം. ഇതിൽ പ്രതിഷേധിച്ച് ദീർഘദൂര ബസുകൾ ഓട്ടം നിർത്തി. വലിയ ഗതാഗതക്കുരുക്കുമുണ്ടായി. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഉണ്ണിക്കുട്ടൻ ബസ് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ ബസ് കണ്ടക്ടർ പെരളശ്ശേരിയിലെ അർജ്ജുൻ ബാബു(23)വിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പൗരത്വ ഭേദഗതി ബില്ലിനെതിരെ ടൗണിൽ എസ്.ഡി.പി.ഐ. പ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനം താലൂക്ക് ഓഫീസിനു മുന്നിലൂടെ കടന്നു പോകവെ ബസ് സ്റ്റാന്റ് കവാടത്തിൽവെച്ച് പ്രകടനക്കാരും ജീവനക്കാരും തമ്മിൽ തുടങ്ങിയ തർക്കത്തിനൊടുവിലാണ് ജീവനക്കാരനെ ബസിൽ കയറി മർദ്ദിച്ചത്. 

സമീപത്ത് എയിഡ് പോസ്റ്റിൽ പോലീസുകാരുണ്ടായിരുന്നെങ്കിലും തടയാനായില്ല. നാൽപ്പതോളമാളുകളാണ് പ്രകടനത്തിലുണ്ടായത്. സാരമായി പരിക്കേറ്റ അർജ്ജുൻ ബാബുവിനെ തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനുശേഷമാണ് പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.

You might also like

Most Viewed