പൗരത്വഭേദഗതി ബില്‍ ഇന്ന് ഉച്ചക്ക് രാജ്യസഭയില്‍; ലോക്സഭയില്‍ പിന്തുണച്ച ശിവസേന നിലപാട് മാറ്റി


ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. 123 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ബില്‍ പാസാകും. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ സാധിക്കുമെന്നാണ് എന്‍.ഡി.എയുടെ കണക്കുകൂട്ടല്‍.

അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ഇരുപാർട്ടികളും അംഗങ്ങൾക്കു വിപ്പുനൽകിയിട്ടുണ്ട്. ലോക്സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ നിലപാട് മാറ്റി. എന്‍.ഡി.എ വിട്ട് പ്രതിപക്ഷ നിരയിലേക്ക് മാറിയെങ്കിലും ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ ഉപാധികള്‍ വച്ച് ശിവസേന. പൗരത്വ ഭേദഗതി ബില്ലിലൂടെ പുതിയതായി പൗരത്വത്തിലേക്ക് വരുന്നവര്‍ക്ക് 25 വര്‍ഷത്തേക്ക് വോട്ടവകാശം നല്‍കരുതെന്ന് ശിവസേന ആവശ്യപ്പെട്ടു. ഇതടക്കം തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ വ്യക്തത ലഭിച്ചാല്‍ മാത്രമേ രാജ്യസഭയില്‍ ബില്ലിനെ പിന്തുണയ്ക്കൂ എന്നും ശിവസേനാ നേതാവും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ബില്ലിനെ കുറിച്ച് ഏതെങ്കിലും ഒരു പൗരന് ആശങ്കയുണ്ടെങ്കില്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തണം. അവരും നമ്മുടെ പൗരന്‍മാരാണ് ആശങ്കയുള്ളവരുടെ കാര്യത്തില്‍ അത് പരിഹരിക്കണമെന്നും ഉദ്ധവ് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലില്‍ തങ്ങള്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ബില്ലിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ്. തങ്ങള്‍ക്ക് മാത്രമേ രാജ്യസ്‌നേഹമുള്ളൂ എന്നത് ബി.ജെ.പിയുടെ മിഥ്യാബോധമാണെന്നും താക്കറെ വ്യക്തമാക്കി. പ്രതിപക്ഷത്താണെങ്കിലും പൗരത്വ ഭേദഗതി ബില്ലിനെ ശിവസേന ലോക്‌സഭയില്‍ പിന്തുണച്ചിരുന്നു. പുതിയതായി പൗരത്വം നേടുന്നവര്‍ക്ക് 25 വര്‍ഷം വോട്ടവകാശം നല്‍കരുതെന്ന ശിവസേനയുടെ നിര്‍ദ്ദേശം ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു. മഹാരാഷ്ട്രയിൽ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പരോക്ഷമായി വിമർശിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി എട്ടുവരെയാണ് രാജ്യസഭയിൽ പൗരത്വബില്ലിന്മേൽ ചർച്ച നടക്കുക. നിലവിൽ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബിൽ പാസാവാൻ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എൻ.ഡി.എ.യ്ക്ക് നിലവിൽ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.−11, ബി.ജെ.ഡി.−7, വൈ.എസ്.ആർ. കോൺഗ്രസ്−2, ടി.ഡി.പി.−2 എന്നീ കക്ഷികളിൽനിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബി.ജെ.പി. വൃത്തങ്ങൾ പറയുന്നത്. എങ്കിൽ 127 പേരുടെ പിന്തുണയാവും. 

ഇതിനിടെ ബില്ലിനെ പിന്തുണക്കുന്നതിൽ നിന്ന് ജെഡിയുവിനെ പിൻമാറ്റാനുള്ള ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ നടക്കുന്നുണ്ട്. ലോക്സഭയിൽ ബില്ലിനെ പിന്തുണച്ചതിനെതിരെ പാർട്ടി ഉപാധ്യക്ഷൻ പ്രശാന്ത് കിഷോറടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ആറ് അംഗങ്ങളാണ് ജെഡിയുവിന് രാജ്യസഭയിലുള്ളത്.

You might also like

Most Viewed