സ്ത്രീകൾക്ക് തോക്ക് ആവശ്യമില്ല, മറ്റുള്ളവർ നിങ്ങളെ സംരക്ഷിക്കും: വെങ്കയ്യ നായ്ഡു


ന്യൂഡൽഹി: സ്ത്രീകൾ തോക്ക് പോലുള്ള ആയുധം കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും അവരെ മറ്റുള്ളവര്‍ സംരക്ഷിച്ചുകൊള്ളുമെന്നും ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ എം. വെങ്കയ്യ നായ്ഡു. ആയുധ ഭേദഗതി ബില്ലിൽ സംസാരിക്കാൻ രണ്ട് വനിതാ എം.പിമാർ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു നായ്ഡു ഈ പരാമര്‍ശം നടത്തിയത്. ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ലൈസൻസുള്ള തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറച്ചുകൊണ്ടുള്ള ഭേദഗതി ബില്‍ കഴിഞ്ഞദിവസം ലോക്സഭ പാസാക്കിയിരുന്നു. “എന്റെ അഭിപ്രായത്തിൽ, സ്ത്രീകൾക്ക് തോക്കുകൾ ആവശ്യമില്ല, മറ്റുള്ളവർ നിങ്ങളെ സംരക്ഷിക്കും,” നായ്ഡു പറഞ്ഞു. ‌ചർച്ചയ്ക്ക് അനുവദിച്ച സമയം അവസാനിച്ചുവെങ്കിലും രണ്ട് പേരില്‍ ഒരാൾക്ക് സംസാരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബി.ജെ.പി എം.പി രൂപ ഗാംഗുലി താൻ കുട്ടിക്കാലം മുതൽ തോക്കുകൾ ഉപയോഗിക്കുന്നയാളാണെന്നും ഒരു കായിക വിനോദമെന്ന നിലയിൽ‍ ആസ്വദിച്ചിട്ടുണ്ടെന്നും സഭയിൽ പറഞ്ഞു.

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി. എണ്ണം ഒന്നായി കുറയ്ക്കാനാണു മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് 2 ആക്കിയത്. 

വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാൽ 2 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കുന്ന രീതിയിലാണ് ഭേദഗതി. ഇത്തരം പരിപാടികളിൽ അബദ്ധത്തിൽ വെടിയേറ്റ് ഇതുവരെ 169 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ആയുധ നിയമം ലംഘിക്കുന്നവർക്കുള്ള കുറഞ്ഞ ജയിൽ ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കാനും നിര്‍ദ്ദേശിച്ചുള്ളതാണ് ഭേദഗതി. അനധികൃതമായി ആയുധം നിര്‍മ്മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പോലീസ് ഉദ്യോഗസ്ഥരുടെ ആയുധം തട്ടിയെടുത്താല്‍ ജീവപര്യന്തം ശിക്ഷയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

You might also like

Most Viewed