ചരിത്രക്കുതിപ്പ് നടത്തി പിഎസ്എല്‍വി; അൻപതാം വിക്ഷേപണം വിജയകരം


ശ്രീഹരിക്കോട്ട: ചരിത്രക്കുതിപ്പ് നടത്തി പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി. പിഎസ്എൽവിയുടെ അൻപതാം വിക്ഷേപണമാണ് വിജയകരമായത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് −2 ബിആർ 1 ആണ് അൻപതാം ദൗത്യത്തിൽ ലക്ഷ്യത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 3.25 നാണ് പിഎസ്എല്‍വി 48 കുതിച്ചുയർന്നത്. പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.

article-image

628 കിലോഗ്രാം ഭാരം വരുന്ന റഡാർ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് −2 ബിആർ 1. 37 ഡിഗ്രി ചെരിവിൽ 576 കിലോമീറ്റർ ഭ്രമണപഥത്തിൽ ഇത് എത്തിക്കുവാനുള്ള വിക്ഷേപണമാണ് വിജയകരമായത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻ‌എസ്‌ഐ‌എൽ) ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ യു‌എസ്‌എ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ ഉപഗ്രഹങ്ങളും റിസാറ്റ് 2 ബിആർ 1 ഉപഗ്രഹത്തിനൊപ്പം വിക്ഷേപിച്ചു. ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ അഭിനന്ദിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (എസ്ഡിഎസ്‌സി) നിന്നുള്ള 75−ാമത്തെ വിക്ഷേപണ ദൗത്യമായിരുന്നു ബുധനാഴ്ചത്തേത്. റോക്കറ്റ് ഉയർന്ന് 16 മിനിറ്റിനുള്ളിൽ റിസാറ്റ് −2 ബിആർ 1 വിന്യസിക്കപ്പെട്ടു. ഒരു മിനിറ്റിന് ശേഷം ഒൻപത് ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് പുറന്തള്ളി. ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ അവസാനത്തേത് ഭ്രമണപഥത്തിലെത്തിച്ചതോടെ ഏകദേശം 21 മിനിറ്റിനുള്ളിൽ മുൻനിശ്ചയിച്ച പ്രകാരം വിക്ഷേപണ ദൗത്യം പൂർത്തിയായി.

You might also like

Most Viewed