പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഡെറിക് ഒബ്രിയാന്‍


ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് പൗരത്വ ബില്ലെന്ന് അമിത്ഷാ പറഞ്ഞു. പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്ഥാനിലേയും മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്ന് അമിത് ഷാ ചോദിച്ചു. 

അതേസമയം പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍. ജര്‍മനിയില്‍ നാസികള്‍ പാസ്സാക്കിയ ബില്ലിന് സമാനമാണ് കേന്ദ്രം അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍. പൗരത്വ ബില്ലും എന്‍.ആര്‍.സിയും രാജ്യത്ത് ഒരിടത്തും നടപ്പാക്കാന്‍ തൃണമൂല്‍ സമ്മതിക്കില്ല, ബിൽ‍ പാസ്സായാൽ‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡെറിക് ഒബ്രിയാൻ്‍ പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിംകള്‍ രാജ്യത്തെ പൗരന്‍മാരായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ബില്ലാണെന്ന് കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മ്മ പറഞ്ഞു. പ്രകടന പത്രികയല്ല, ഭരണഘടനയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കേണ്ടത്. എന്‍.ആര്‍.സി നടപ്പാക്കുകയാണെങ്കില്‍ രാജ്യവ്യാപകമായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുമോയെന്നും ആനന്ദ്ശര്‍മ്മ ചോദിച്ചു. രാജ്യസഭയില്‍ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

 

You might also like

  • KIMS Bahrain Medical Center

Most Viewed