പൗരത്വ ഭേദഗതി ബില്‍ ; പ്രതിഷേധമുയര്‍ത്തി മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ രാജിവച്ചു


മുംബൈ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉദ്യോഗസ്ഥ തലത്തിലും അഭിപ്രായ ഭിന്നത. ബില്ലില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ രാജിവച്ചു. മഹാരാഷ്ട്ര കേഡറിലുള്ള അബ്ദുര്‍ റഹ്മാന്‍ ആണ് രാജിവച്ചത്. ബില്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് രാജി. ബില്‍ രാജ്യസഭ പാസാക്കുന്നതിനു തൊട്ടുമുന്‍പാണ് അബ്ദുള്‍ റഹ്മാന്‍ ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്.
'പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകള്‍ക്ക് വിരുദ്ധമാണ്. ബില്ലില്‍ താന്‍ അപലപിക്കുന്നു. നിയമത്തെ അംഗീകരിക്കാതെയുള്ള അഹിംസാപരമായ സമരത്തിന്റെ ഭാഗമായി നാളെ മുതല്‍ ജോലിക്ക് ഹാജരാകില്ല. ജോലിയില്‍ നിന്നും താന്‍ രാജിവയ്ക്കുകയാണെന്നും' രാജിക്കത്ത് അടക്കം പുറത്തുവിട്ടുകൊണ്ട് റഹ്മാന്‍ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐ.ജി റാങ്ക് ഓഫീസര്‍ ആണ് അബ്ദുര്‍ റഹ്മാന്‍. മുംബൈയിലാണ് സേവനം ചെയ്തിരുന്നത്. 'രാജ്യത്തിന്റെ മതപരമായ ബഹുസ്വരതയ്ക്കു വിരുദ്ധമാണ് ബില്‍. ബില്ലിനെ ജനാധിപത്യ രീതിയില്‍ എതിര്‍ക്കണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും ആവശ്യപ്പെടുകയാണ്. ഇത് ഭരണഘടനയുടെ ഏറ്റവും അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധമാണെന്നും' മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറയുന്നു. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ അതിനെതിരെ സംസാരിക്കുകയാണ് അബ്ദുര്‍ റഹ്മാന്‍. ചരിത്രത്തെ വളച്ചൊടിക്കുന്ന ആഭ്യന്തരമന്ത്രി അമിത ഷാ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംാദേശ് എന്നിവിടങ്ങളില്‍ നിന്നും 2015നു മുന്‍പുള്ള മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

You might also like

Most Viewed