ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റി; സംഘര്‍ഷം മേഘാലയയിലേക്കും ത്രിപുരയിലേക്കും പടരുന്നു


ന്യൂഡല്‍ഹി: പൗരത്വഭേഗതി ബിൽ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടര്‍ന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബേയുടെ ഇന്ത്യാ സന്ദര്‍ശനം മാറ്റി. ഞായറാഴ്ച നടക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഇന്ത്യാ − ജപ്പാന്‍ പ്രധാനമന്ത്രിമാരുടെ ഉച്ചകോടി റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍. മോഡിയും അബേയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കേണ്ടിയിരിക്കുന്ന ഗുവാഹട്ടി പ്രതിഷേധത്താല്‍ പുകയുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ആസ്സാമില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ആയിരക്കണക്കിന് ആള്‍ക്കാരാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. പ്രതിഷേധം അക്രമമാമയി മാറിയതോടെ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്സാമിന് പിന്നാലെ രോഷം ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. മേഘാലയിലും ജനം തെരുവില്‍ ഇറങ്ങുകയും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ എന്നിവ മേഘാലയയിലും രണ്ടു ദിവസത്തേക്ക് ബ്‌ളോക്ക് ചെയ്തിരിക്കുകയാണ്. തലസ്ഥാന നഗരമായ ഷില്ലോംഗില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷില്ലോംഗില്‍ രണ്ടു കാറുകള്‍ കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യം പ്രദേശവാസികള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. പ്രധാന വ്യാപാര മേഖലയാകെ അടഞ്ഞു കിടക്കുകയാണ്. നഗരത്തിലെ പ്രധാന റോഡില്‍ പന്തം കൊളുത്തി പ്രകടനം നടന്നതിന്റെ ദൃശ്യങ്ങളും ചിലര്‍ പുറത്തു വിട്ടിട്ടുണ്ട്.

ഷില്ലോംഗില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ വില്യംനഗര്‍ നഗരത്തില്‍ പ്രതിഷേധക്കാര്‍ ഇന്നലെ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയെ തടഞ്ഞു വെച്ചു. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനായി ഹെലികോപ്റ്ററില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധക്കാര്‍ വളഞ്ഞത്. കോണ്‍റാഡ് ഗോബാക്ക് പ്‌ളക്കാര്‍ഡുമായി സ്ത്രീകളും പുരുഷന്മാരും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തടയുന്നതിന്റെ ദൃശ്യങ്ങളും ുറത്തുവന്നിട്ടുണ്ട്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മേഘാലയ സര്‍ക്കാര്‍ ജനങ്ങളോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ഷില്ലോംഗില്‍ എസ്എംഎസ്, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതായും പറഞ്ഞു. രുക്ഷമായ പ്രതിഷേധം നടക്കുന്ന അസമില്‍ ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി. ജനക്കൂട്ടം കെട്ടികങ്ങള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രധാന സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ത്രിപുരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്.

You might also like

Most Viewed