വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വബില്ലിനെതിരായ പ്രതിഷേധം കനക്കുന്നു; അസമില്‍ രണ്ട് മരണം


ഗുവാഹാട്ടി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വബില്ലിനെതിരായ പ്രക്ഷോഭം കനക്കുന്നു. അസമിൽ പ്രതിഷേധം രക്തരൂഷിതമായി. പ്രതിഷേധക്കാർക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിൽ തലസ്ഥാനമായ ഗുവാഹാട്ടിയിൽ രണ്ട് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഗുവാഹാട്ടിയിൽ വ്യാഴാഴ്ച രാവിലെ കർഫ്യു ലംഘിച്ച് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാൻ ലുവാങ് ഗാവോങ്ങിൽ പോലീസ് നടത്തിയ വെടിവെപ്പിൽ നാലുപേർക്ക് പരിക്കേറ്റു. വെടിയേറ്റ് ഗുവാഹാട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. അനിശ്ചിതകാല കർഫ്യൂ നിലനിൽക്കുന്ന അസമിലെ 10 ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് 48 മണിക്കൂർകൂടി നീട്ടി. അസമിലും അയൽസംസ്ഥാനമായ ത്രിപുരയിലും തീവണ്ടി−വിമാന ഗതാഗതം താത്കാലികമായി നിർത്തി. റോഡുഗതാഗതവും തടസ്സപ്പെട്ടു. 

* ഡിബ്രുഗഢിലെ ചൗബയിൽ ബി.ജെ.പി. എം.എൽ.എ. ബിനോദ് ഹസാരികയുടെ വീടിന് പ്രതിഷേധക്കാർ തീവെച്ചു. വണ്ടികളും കത്തിച്ചു. സമാധാനം പുലർത്തണമെന്ന മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ അഭ്യർഥന ആരും ചെവിക്കൊണ്ടില്ല.

*ഐ.എസ്.എൽ. ഫുട്ബോൾ, രഞ്ജി ട്രോഫി മത്സരങ്ങൾ താത്കാലികമായി റദ്ദാക്കി.

*ഗുവാഹാട്ടി പോലീസ് കമ്മിഷണർ ദീപക് ഗുപ്തയെ മാറ്റി മുന്നപ്രസാദ് ഗുപ്തയെ പുതിയ കമ്മിഷണറായി നിയമിച്ചു. എ.ഡി.ജി.പി. (ക്രമസമാധാനപാലനം) മുകേഷ് അഗർവാളിനെ മാറ്റി ജി.പി. സിങ്ങിന് ചുമതല നൽകി.

*ഗുവാഹാട്ടി, തിൻസുകിയ, ഡിബ്രുഗഢ്, ജോർഹാട്ട് എന്നിവിടങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. സംസ്ഥാനത്തെ പാഠശാലകളൊന്നും തുറന്നില്ല.

* വിദ്യാർഥിസംഘടനയായ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെയും (ആസു) കർഷകസംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതിയുടെയും ആഹ്വാനപ്രകാരം ഗുവാഹാട്ടിയിലെ ലതാഷിൽ മൈതാനത്ത് ആയിരങ്ങൾ ഒത്തുകൂടി. എല്ലാവർഷവും ഡിസംബർ 12 കരിദിനമായി ആചരിക്കാൻ ആസുവും വടക്കുകിഴക്കൻ വിദ്യാർഥിസംഘടനയും (നെസോ) ആഹ്വാനംചെയ്തു.

* ബി.ജെ.പി.യുടെയും അസം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. ഡിബ്രുഗഢ്, സാദിയ, തേസ്പുർ എന്നിവിടങ്ങളിലെ ആർ.എസ്.എസ്. ഓഫീസുകൾക്കുനേരെ ആക്രമണമുണ്ടായെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. തേസ്പുരിലെ ബി.ജെ.പി. ഓഫീസിനുനേരെയും ആക്രമണമുണ്ടായി.

*മേഘാലയയിലെ ഷില്ലോങ്ങിലും വ്യാഴാഴ്ച അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും മെസേജിങ് സേവനങ്ങളും 48 മണിക്കൂറിലേക്ക് തടഞ്ഞു.

* ത്രിപുരയിൽ കോൺഗ്രസ് ആഹ്വാനംചെയ്ത 24 മണിക്കൂർ ബന്ദിൽ സ്കൂളുകളും കോളേജുകളും കടകളും തുറന്നില്ല. പന്തംകൊളുത്തിപ്രകടനം നടത്തിയ കോൺഗ്രസുകാരെ ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ലാത്തിച്ചാർജ് ചെയ്തു. നൂറിലേറെ ബന്ദനുകൂലികളെ കരുതൽ തടങ്കലിലെടുത്തു. പരദീഷ് ചൗമുഹാനിയിൽ ബി.ജെ.പി.ക്കാരുടെ ആക്രമണത്തിൽ രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് പരിക്കേറ്റു.

You might also like

Most Viewed