വിദ്യാര്‍ത്ഥികള്‍ ഒറ്റയ്ക്കല്ല, പോലീസിന്‍റേത് അതിക്രമം’; പിന്തുണയുമായി ജാമിയ മിലിയ വൈസ് ചാന്‍സിലര്‍


ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ സംഘർഷത്തിൽ പ്രതികരണവുമായി വൈസ് ചാൻസിലർ നജ്മ അക്തർ. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് നജ്മ അക്തർ പറഞ്ഞു. വിദ്യാർഥികളെ പൊലീസ് ക്രൂരമായാണ് നേരിട്ടതെന്ന് വൈസ് ചാൻ‍സിലർ‍ പറഞ്ഞു. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. ജാമിയ മിലിയ സർവകലാശാല മുഴുവനും ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നും വിദ്യാർ‍ത്ഥികളോട് വി.സി പറഞ്ഞു. സർവകലാശാല ഇറക്കിയ വീഡിയോയിൽ ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പൗരത്വനിയമ ഭേദഗതിക്കെതിരെ ഇന്നലെ വൈകുന്നേരം ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ പ്രദേശവാസികളായ ചിലരും പങ്കെടുത്തിരുന്നു. ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പത്തോളം വാഹനങ്ങള്‍ അഗ്നിക്കിരയായി. അക്രമകാരികള്‍ സര്‍വ്വകലാശാലയില്‍ കടന്നെന്ന് ആരോപിച്ച് ഡൽഹി പോലീസ് അനുവാദം കൂടാതെ സർ‍വ്വകലാശാലയിൽ‍ പ്രവേശിക്കുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി. ഡൽഹി പോലീസ് ആസ്ഥാനത്ത് പുലര്‍ച്ചെ നാല് മണി വരെ ഇവർ‍ പ്രതിഷേധിച്ചു. വിദ്യാർ‍ത്ഥി സമരത്തിനിടെ നടന്നത് പോലീസ് നരനായാട്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പോലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാർ‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമം ഉണ്ടായതിനു പിന്നിൽ‍ വിദ്യാർ‍ത്ഥികളല്ല, പുറത്തുനിന്നെത്തിയവരും പോലീസുമാണെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍വ്വകലാശായിലെ 67 വിദ്യാര്‍ത്ഥികളാണ് ഡൽഹി പോലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നത്. ഇവരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ തന്നെ പിന്നീട് വിട്ടയച്ചു.

You might also like

Most Viewed