ജനസംഖ്യാവർധനവല്ല, തൊഴിലില്ലായ്മയാണ് രാജ്യത്തിൻ്റെ പ്രശ്നം അസാദുദ്ദീൻ ഒവൈസി


നിസാമാബാദ്: ഇന്ത്യയുടെ പ്രശ്നം ജനസംഖ്യാവർധനവല്ലെന്നും തൊഴിലില്ലായ്മയാണെന്നും അസാദുദ്ദീൻ ഒവൈസി. രാജ്യത്തിന്‍റെ ശരിയായ സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുന്നതിന് ഒരു കുടുംബത്തിൽ രണ്ടു കുട്ടികളെന്ന നിയമം കൊണ്ടുവരണമെന്ന ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയ്ക്കു മറുപടിയായാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. നിങ്ങളെക്കുറിച്ച് ലജ്ജതോന്നുന്നു. തനിക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. നിരവധി ബിജെപി നേതാക്കൾക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. മുസ്ലിം ജനസഖ്യ നിയന്ത്രിക്കണമെന്നതിൽ എല്ലായ്പ്പോഴും ആർ.എസ്.എസ് മുറുകെപ്പിടിക്കുന്നു. രാജ്യത്തിന്‍റെ യഥാർഥ പ്രശ്നം തൊഴിലില്ലായ്മയാണ്, അതല്ലാതെ ജനസംഖ്യയല്ലെന്നും ഒവൈസി ചൂണ്ടിക്കാട്ടി. തെലുങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി നിസാമാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ ഒരു ദിവസം 36 യുവാക്കൾ വീതമാണ് തൊഴിലില്ലായ്മ മൂലം ജീവനൊടുക്കിയത്. അഞ്ചുവർഷത്തെ ഭരണകാലത്ത് ആർക്കും ജോലി നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. ‘രണ്ട് കുട്ടികൾ’ നയം കൊണ്ടുവരാൻ ആർ‌എസ്‌എസ് നിർബന്ധിക്കുന്നതിന്‍റെ കാരണം ഇതാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം 40 വയസിന് താഴെയുള്ളവരാണെന്നും ഒവൈസി പറഞ്ഞു.

You might also like

Most Viewed