ഡൽഹിയിൽ സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ളം; വമ്പന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി


ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ച് ആം ആദ്മി പാർട്ടി. വീണ്ടും അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതി, 24 മണിക്കൂർ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികൾക്കും ലോകോത്തര വിദ്യാഭ്യാസം തുടങ്ങി പത്ത് വാഗ്ദാനങ്ങളാണ് ‘കേജ്രിവാൾ കാ ഗ്യാരണ്ടി കാർഡ്’ എന്ന പേരിൽ പുറത്തിറക്കിയ ലഘുലേഖയിൽ മുന്നോട്ടുവെക്കുന്നത്.

വൃത്തിയുള്ള പരിസ്ഥിതി, യമുന നദി ശുദ്ധീകരണം, ചേരിനിവാസികൾക്ക് വീട് തുടങ്ങിയ വാഗ്ദാനങ്ങളും കേജ്രിവാൾ കാ ഗ്യാരണ്ടി കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇത് തങ്ങളുടെ തിരഞ്ഞെടുപ്പ് പത്രികയല്ലെന്നും അതിന് രണ്ടുചുവടു മുന്നേയുള്ളതാണെന്നും ഗ്യാരണ്ടി കാർഡ് പുറത്തിറക്കവേ കേജ്രിവാൾ പറഞ്ഞു. ഡൽഹിയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഇവയൊക്കെ. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പത്രിക വരുന്നതേയുള്ളൂ− കേജ്രിവാൾ പറഞ്ഞു.

ഫെബ്രുവരി 11നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. അധികാരത്തിലെത്തിയാൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്ക് കുറയ്ക്കുമെന്ന് 2015ലെ തിരഞ്ഞെടുപ്പുവേളയിൽ ആം ആദ്മി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങൾ പാലിച്ചത് ഗുണകരമായിട്ടുണ്ടെന്നാണ് ആം ആദ്മി പാർട്ടിയുടെ വിലയിരുത്തൽ. അധികാരത്തിലെത്തിയതിനു പിന്നാലെ 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയും 20,000 ലിറ്റർ വരെ വെള്ളവും ആം ആദ്മി സർക്കാർ സൗജന്യമാക്കിയിരുന്നു. 70അംഗ നിയമസഭയിൽ 67 സീറ്റുകൾ നേടിയാണ് 2015ൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്.

You might also like

Most Viewed