ജഗത് പ്രകാശ് നഡ്ഡയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു


ന്യൂഡൽഹി: ജഗത് പ്രകാശ് നഡ്ഡയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. എതിരില്ലാതെയാണ് അധ്യക്ഷനെ തിരഞ്ഞെടുത്തത്. ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ജെ.പി നഡ്ഡ മാത്രമാണ് നാമനിർദ്ദേശ പത്രിക നൽകിയത്. സ്ഥാനമൊഴിയുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ നഡ്ഡയെ ദേശീയ പ്രസിഡണ്ട്് സ്ഥാനത്തേക്കു നാമനിർദേശം ചെയ്തുകൊണ്ടുള്ള കത്ത് സംഘടനാ തിരഞ്ഞെടുപ്പിന്റെ വരണാധികാരി രാധാമോഹൻ സിങിനു കൈമാറിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും നഡ്ഡയെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. ഇതിനു ശേഷമാണ് നഡ്ഡ ചുമതലയേറ്റെടുക്കുക.

ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജെ.പി. നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു. 

പാർട്ടി ഭരണഘടന പ്രകാരം പകുതിയിലേറെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായാലേ ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനാവൂ. ഇതുവരെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ ഭരണ പ്രദേശങ്ങളിലെയും അധ്യക്ഷന്മാരെ തീരുമാനിച്ചു കഴിഞ്ഞു.  

You might also like

Most Viewed