ഇന്ത്യയിലാണ് ജീവിച്ചിരുന്നതെങ്കില്‍ നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് അഭിജിത് ബാനര്‍ജി


ജയ്പുർ: ഇന്ത്യയിലാണ് താൻ ജീവിച്ചിരുന്നതെങ്കിൽ നൊബേൽ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ധ്യാപകനാണ് അഭിജിത് ബാനർജി.

ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് നേടാവുന്നതല്ല നൊബേൽ പോലുള്ള അംഗീകാരം. ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാർഥികളുള്ള എംഐടിയിൽ പ്രവർത്തിക്കുന്നത് നേട്ടത്തിന് സഹായകമായി. വിദ്യാർഥികളും സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് തന്റെ അംഗീകാരത്തിന് കാരണക്കാരെന്നും അഭിജിത് ബാനർജി പറഞ്ഞു. പ്രാഗൽഭ്യമുള്ളവർ കുറവായതിനാലല്ല മറിച്ച് നേട്ടങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള കൂട്ടായ്മയുടെ അഭാവമാണ് നൊബേൽ പോലെയുള്ള അംഗീകാരങ്ങൾ ഇന്ത്യാക്കാർക്ക് ലഭിക്കാത്തതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഏകാധിപത്യഭരണവും സാമ്പത്തികപുരോഗതിയും തമ്മിൽ ബന്ധമില്ലെന്നും മുപ്പത് കൊല്ലത്തിനിടെ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണത്തിൽ കുറവുണ്ടായതായും അഭിജിത് ബാനർജി പറഞ്ഞു. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന തകർച്ചയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയ്ക്ക് കൂടുതൽ മികച്ച, കൃത്യമായി വിമർശനങ്ങളുന്നയിക്കുന്ന ഒരു പ്രതിപക്ഷം ആവശ്യമാണെന്നും പ്രതിപക്ഷവിമർശനങ്ങളെ ഭരണപക്ഷം സ്വാഗതം ചെയ്യേണ്ടത് ആരോഗ്യപരമായ ജനാധിപത്യവ്യവസ്ഥയ്ക്ക് അത്യാവശ്യമാണെന്നും അഭിജിത് പറഞ്ഞു. 

ഭാര്യ എസ്തർ ഡുഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്കൊപ്പമാണ് 2019 ലെ സാമ്പത്തിക ശാസ്ത്രനൊബേൽ അഭിജിത് ബാനർജി കരസ്ഥമാക്കിയത്. 1961 ൽ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം 1983 ൽ ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

 

You might also like

Most Viewed