ഏഴുമലയാളികൾക്ക് പദ്മ പുരസ്കാരം ലഭിച്ചു


ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച പ്രമുഖ നിയമവിദഗ്ധൻ എൻ.ആർ. മാധവമേനോൻ അടക്കം ഏഴുമലയാളികൾക്ക് പുരസ്കാരം ലഭിച്ചു. ഏഴുപേർക്ക് പദ്മവിഭൂഷൺ, 16 പേർക്ക് പദ്മഭൂഷൺ, 118 പേർക്ക് പദ്മശ്രീ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 

article-image

സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസ്, ബി.ജെ.പി. നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, ഉഡുപ്പി മഠാധിപതിയായിരുന്ന വിശ്വേശതീർഥ സ്വാമി എന്നിവർക്ക് പദ്മവിഭൂഷണും ഗോവ മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി. നേതാവ് മനോഹർ പരീക്കർ, പ്രമുഖ നിയമവിദഗ്ധനായിരുന്ന എൻ.ആർ. മാധവമേനോൻ എന്നിവർക്ക് പദ്മഭൂഷണും മരണാനന്തര ബഹുമതിയായി നൽകും.

 

article-image

ബോക്സിങ് താരം മേരി കോമിന് പദ്മവിഭൂഷണും പ്രമുഖ ആത്മീയാചാര്യനും മലയാളിയുമായ ശ്രീ എമ്മിന് പദ്മഭൂഷണുമുണ്ട്. സസ്യശാസ്ത്രജ്ഞൻ ഡോ. കെ.എസ്. മണിലാൽ, ഹിന്ദി ഭാഷാപണ്ഡിതൻ ഡോ. എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, അരുണാചലിലെ സാമൂഹികപ്രവർത്തകൻ മലയാളി സത്യനാരായൺ മുണ്ടയൂർ, ഹരിജൻസമാജം നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരിയുമായ സാമൂഹികപ്രവർത്തകൻ എം.കെ. കുഞ്ഞോൽ എന്നിവർക്ക് പദ്മശ്രീയും പ്രഖ്യാപിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ അനിരുദ്ധ് ജഗന്നാഥ്, വാരാണസിയിൽ നിന്നുള്ള ഹിന്ദുസ്ഥാനി ഗായകൻ ചന്നുലാൽ മിശ്ര എന്നിവർക്കും പദ്മവിഭൂഷൺ ലഭിച്ചിട്ടുണ്ട്. ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് പദ്മശ്രീയും ലഭിച്ചു.

You might also like

Most Viewed