തലകുനിച്ച് ഇന്ത്യ; കോ​ളേ​ജി​ൽ അ​ടി​വ​സ്ത്രം ഊ​രി ആ​ർ​ത്ത​വ പ​രി​ശോ​ധ​ന


അഹമ്മദാബാദ്: ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയതായി റിപ്പോർട്ട്. ആര്‍ത്തവസമയത്ത് അടുക്കളയിലും അമ്പലത്തിലും വിദ്യാര്‍ത്ഥിനികള്‍ കയറിയെന്ന സംശയത്തെ തുടര്‍ന്നാണ് ഗുജറാത്തിലെ ഭുജിലെ ശ്രീ സഹ്‍ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടി കോളജിൽ തരംതാഴ്ന്ന സംഭവം അരങ്ങേറിയത്. 68 ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിശോധന നടത്തിയത്.
ഹോസ്റ്റലിനു പുറത്ത് സാനിറ്ററി നാപ്കിൻ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ, ഹോസ്റ്റൽ വാർഡൻ ഈ വിവരം കോളജ് പ്രിൻസിപ്പലിനെ അറിയിച്ചു. പെൺകുട്ടികളോട് കോളേജിന്‍റെ കോമൺ ഏരിയയിലേക്ക് എത്താൻ‌ നിർദ്ദേശിച്ച ശേഷമായിരുന്നു പരിശോധന. കുട്ടികളെ ഓരോരുത്തരെയായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു ചെയ്തതെന്നാണ് വിവരം. വിദ്യാർത്ഥിനികൾ തന്നെയാണ് ഈ വിവരം അറിയിച്ചത്. പ്രിൻസിപ്പലടക്കം നാലു വനിതകൾ ചേർന്നാണ് കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ആര്‍ത്തവ സമയത്ത് മറ്റു പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടെന്നാണ് കുട്ടികൾ പറഞ്ഞു. ആരോപണം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് കുട്ടികളിൽ നിന്നറിഞ്ഞ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയതെന്നാണ് വിവരം.

You might also like

Most Viewed