ഡൽഹി കലാപത്തിൽ മരണം 20 ആയി; സ്ഥിതി ആശങ്കാജനകം, സൈന്യത്തെ വിളിക്കണമെന്ന് കേജരിവാൾ


ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 55 പോലീസുകാരടക്കം ഇരുനൂറോളം പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

article-image

അതേസമയം, ഗോകുൽപുരിയിൽ ബുധനാഴ്ച രാവിലെയും അക്രമസംഭവങ്ങൾ നടന്നിരുന്നു. ഗോകുൽപുരിയിലെ ടയർ മാർക്കറ്റിന് അക്രമികൾ തീയിട്ടു. 

article-image

അഗ്നിശമന സ്ഥലത്തെത്തി തീയണച്ചുകൊണ്ടിരിക്കുകയാണ്. കലാപത്തിന് അയവുണ്ടാകാത്ത സാഹചര്യത്തിൽ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിച്ചു നിർത്താൻ പോലീസിനാവില്ലെന്നും അതിനാൽ സൈന്യത്തെ വിളിക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും കേജരിവാൾ പറഞ്ഞു.

You might also like

Most Viewed