ജമ്മുവിലെ 11 കുട്ടികളുടെ മരണത്തിനിടയാക്കിയത് കഫ് സിറപ്പെന്ന്‌ പ്രാഥമിക നിഗമനം; വിറ്റഴിച്ചത് 3,400 കുപ്പി


ഷിംല: ജമ്മുവിലെ ഉദംപൂർ ജില്ലയിൽ പതിനൊന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയത് ചുമയുടെ മരുന്നെന്ന് റിപ്പോർട്ട്. ചുമയുടെ മരുന്നിന്റെ 3,400 ലേറെ കുപ്പികൾ ഇതിനകം വിറ്റുപോയിട്ടുണ്ട്. 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വിറ്റു പോയ കുപ്പികളുടെ കണക്കാണിത്. കഫ് സിറപ്പിന്റെ ഒരു കുപ്പിയിൽ 60 മില്ലി ലിറ്റർ മരുന്നാണുള്ളത്. ഒരു തവണത്തെ ഡോസിൽ 5−6 മില്ലി മരുന്ന് അകത്ത് ചെല്ലുകയാണെങ്കിൽ 10−12 ഡോസാകുമ്പോൾ രോഗി മരിക്കാനിടയാകുമെന്ന് ഹിമാചൽ പ്രദേശ് ഡ്രഗ് കൺട്രോളർ നവ്നീത് മാർവ അറിയിച്ചതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

വിൽപനരസീതുകളുടെ അടിസ്ഥാനത്തിൽ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്നും നവ്നീത് മാർവ അറിയിച്ചു. ഹിമാചൽ പ്രദേശ് ആസ്ഥാനമായ ഡിജിറ്റൽ വിഷൻ ഫാർമയാണ് കഫ് സിറപ്പ് വിപണിയിലെത്തിച്ചത്. ജമ്മു−കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, തമിഴ്നാട്, മേഘാലയ, ത്രിപുര എന്നിവടങ്ങളിലായി 5,500 കുപ്പികൾ കഴിഞ്ഞ സെപ്റ്റംബറിൽ വിപണിയിലെത്തിച്ചിരുന്നു. ഉദംപൂർ ജില്ലയിലെ രാംനഗറിൽ ഡിസംബറിനും ജനുവരിക്കുമിടയിൽ മരുന്ന് കഴിച്ച 17 കുട്ടികളെ അസ്വസ്ഥകളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസ്തംഭനത്തെ തുടർന്ന് ഇതിൽ പതിനൊന്ന് കുട്ടികൾ മരിച്ചു. ചുമയ്ക്ക് നൽകിയ മരുന്നാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. മരുന്നിൽ ഡൈഥലിൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കുട്ടികളുടെ മരണകാരണമായെതെന്നാണ് നിഗമനം.

വിറ്റ മരുന്നുകുപ്പികളിൽ 1,500 എണ്ണം മാർക്കറ്റിൽ നിന്ന് തിരികെ ലഭിച്ചതായി നവ്നീത് മാർവ അറിയിച്ചു. മരുന്ന് നിർമ്മാണകമ്പനിയുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. കുട്ടികളുടെ മരണകാരണം ഡിജിറ്റൽ വിഷൻ ഫാർമയുടെ മരുന്നാണെന്ന് തെളിഞ്ഞാൽ കമ്പനിയ്ക്ക് ഉത്തരവാദിത്തം ഏൽക്കേണ്ടതായി വരും. മരുന്ന് നിർമാണത്തിനുപയോഗിക്കുന്ന ഘടകങ്ങൾ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ദ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഡനൈസേഷൻ(CDSCO) നിഷ്കർഷിച്ചിട്ടുണ്ട്.

You might also like

Most Viewed