ജസ്റ്റിസ് എസ്. മുരളീധൻ്റെ അര്‍ധരാത്രിയിലെ സ്ഥലംമാറ്റം ലജ്ജാകരമെന്ന് പ്രിയങ്ക, ജസ്റ്റിസ് ലോയയെ ഓര്‍ക്കുന്നു: രാഹുല്‍


ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാക്കളെ വിമർശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതിൽ വിമർശനവുമായി കോൺഗ്രസ്. സ്ഥലംമാറ്റം ചെയ്യപ്പെടാത്ത ധീരനായ ജഡ്ജി ജസ്റ്റിസ് ലോയയെ ഓർക്കുന്നുവെന്നാണ് സംഭവത്തിൽ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്.  ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. നിലവിലെ സ്ഥിതിയിൽ ജസ്റ്റിസ് മുരളീധറിന്റെ അർധരാത്രയുള്ള സ്ഥലംമാറ്റ നടപടി അപ്രതീക്ഷിതമല്ലെന്നും അത് ലജ്ജാകരവും സങ്കടകരവുമാണെന്നും പ്രിയങ്ക പ്രതികരിച്ചു. സാമാന്യ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

ബിജെപി നേതാക്കളെ രക്ഷിക്കാനാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കപിൽ മിശ്ര അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അർധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. കേസ് പരിഗണിക്കവെ രൂക്ഷ വിമർശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചിൽ നിന്ന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

You might also like

Most Viewed