ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണം: രാഷ്ട്രപതിയോട് കോണ്‍ഗ്രസ്


ന്യൂഡൽഹി: ഡൽഹിയിൽ കലാപം നടക്കുമ്പോൾ ഉചിതമായി ഇടപെടാൻ തയ്യാറാവാത്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് കോൺഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നേതാക്കളായ അഹമ്മദ് പട്ടേൽ, പി.ചിദംബരം, കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി വദ്ര, ആനന്ദ് ശർമ, രൺദീപ് സുർജേവാല തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് വ്യക്തമാക്കി രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. 

സംഘർഷത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനും ആം ആദ്മി പാർട്ടി നേതൃത്വത്തിനും ഒരുപോലെയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി ക്രമസമാധാന നില തിരിച്ചെത്തിക്കുന്നതിന് പകരം കേന്ദ്രവും ഡൽഹിയിൽ പുതുതായി അധികാരമേറ്റ കെജ്രിവാൾ സർക്കാരും സംഘർഷത്തിന് നിശബ്ദ കാണികളായി നിൽക്കുകയാണുണ്ടായെന്ന് സോണിയാഗാന്ധി ആരോപിച്ചു. ‘രാജധർമ്മം’ സംരക്ഷിക്കപ്പെടാനായി രാഷ്ട്രപതി തന്റെ അധികാരം ഉപയോഗിക്കണമെന്ന് രാഷ്ടപതിയോട് ആവശ്യപ്പെട്ടതായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രതികരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി കലാപം ആസൂത്രിതമായിരുന്നു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെച്ചൊഴിയണമെന്ന് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed