ഡോക്ടർക്ക് കോവിഡ് 19: ഡല്‍ഹിയില്‍ 900 പേര്‍ നിരീക്ഷണത്തിൽ


ന്യൂഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ മൗജപൂരിൽ പ്രവർത്തിക്കുന്ന മൊഹല്ല കമ്യൂണിറ്റി ക്ലിനിക്കിലെ (പ്രാഥമിക ആരോഗ്യ കേന്ദ്രം) ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ 900 പേരോട് ക്വാറന്‍റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം. 15 ദിവസം ക്വാറന്‍റൈനില്‍ കഴിയാനാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ എഎന്‍ഐയോട് പറഞ്ഞു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 35 ആയി. ഒരാൾ മരിക്കുകയും ചെയ്തു. 

ഡോക്ടറുടെ ഭാര്യയും മകളും ഉള്‍പ്പടെ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്നെത്തിയ അസുഖ ബാധിതയായ യുവതിയില്‍ നിന്നുമാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഈ യുവതി തുടര്‍ച്ചയായി ക്ലിനിക്കില്‍ എത്തിയിരുന്നു. ഇവരുടെ അയല്‍വാസികളായ 74പേരും നിരീക്ഷണത്തിലാണ്. മൊഹല്ല ക്ലീനിക്കില്‍ മാര്‍ച്ച് 12നും 18നും ഇടയില്‍ എത്തിയിട്ടുള്ളവര്‍ 15 ദിവസത്തേക്ക് നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ കഴിയണമെന്ന് അധികൃതര്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കമുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി സര്‍ക്കാര്‍ ആരംഭിച്ചതാണ് മൊഹല്ല ക്ലിനിക്കുകള്‍.

You might also like

Most Viewed