തൊഴിലാളികളെ കൊണ്ടുവരാൻ യുപി സർക്കാരിന്റെ 12,000 ബസ്സുകൾ


ലഖ്നൗ: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ 12,000 ബസ്സുകൾ അയക്കുന്നു. നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന അതിഥിതൊഴിലാളികളുടെ പട്ടിക നൽകണമെന്ന് അതാത് സംസ്ഥാനങ്ങളോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റുമാർ‌ക്ക് ഇത് കൂടാതെ 200 ബസുകൾ വീതം അനുവദിക്കാൻ കഴിയും. ഇതോടെ 75 ജില്ലകളിലായി 15,000 ബസ്സുകൾ അധികം ലഭിക്കും. 

അതിഥി തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് കടക്കുമ്പോൾ തന്നെ അവർക്കുള്ള ഭക്ഷണവും വെള്ളവും ജില്ലാ അധികൃതർ‌ അടിയന്തരമായി നൽകണമെന്നും സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിച്ചു. അതിഥി തൊഴിലാളികൾ കാൽനടയായും ബൈക്കുകളിലും ഓട്ടോകളിലും ലോറികളിലും യാത്ര ചെയ്ത് അപകടങ്ങളിൽ പെടുന്നത് നിത്യസംഭവമായിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്കും വഴിവച്ചു. ഇതേ തുടർന്നാണ് യുപി അതിഥി തൊഴിലാളികൾക്കായി കൂടുതൽ ബസ്സുകൾ അനുവദിച്ചിരിക്കുന്നത്. യുപി സർക്കാർ 590 ശ്രമിക് ട്രെയിനുകളും ബുക്ക് ചെയ്തിരുന്നു.

You might also like

Most Viewed