മധ്യപ്രദേശില്‍ ആത്മീയ നേതാവിന്‍റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് മുഖ്യമന്ത്രി ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍


ഭോപ്പാല്‍: മധ്യപ്രദേശിൽ കോവിഡ് പ്രതിസന്ധിക്കിടെ അന്തരിച്ച ആത്മീയ നേതാവിന്‍റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയുൾപ്പടെ നൂറുകണക്കിനാളുകള്‍. മധ്യപ്രദേശിലെ കത്‌നി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും അശുതോഷ് റാണ അടക്കമുള്ള ബോളിവുഡ് താരങ്ങളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ദാദാജി എന്ന പേരില്‍ അറിയപ്പെടുന്ന 82കാരനായ ദേവ് പ്രഭാകര്‍ ശാസ്ത്രിയാണ് ശ്വാസകോശ, കിഡ്‌നി അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മധ്യപ്രദേശിലേക്കു കൊണ്ടുവന്നിരുന്നു.


സംസ്‌കാര ചടങ്ങിനായി നൂറു കണക്കിനാളുകള്‍ കൂട്ടത്തോടെ നടന്നു നീങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ സമൂഹിക അകലം പാലിച്ചിരുന്നുവെന്നും കത്‌നി ജില്ലാ കളക്ടര്‍ ശശി ഭൂഷണ്‍ സിംഗ് വ്യക്തമാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ദിഗ് വിജയ് സിംഗ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ.

You might also like

Most Viewed