മഹാ­ഗാ­യകന് കണ്ണീ­രിൽ കു­തി­ർ­ന്ന യാ­ത്രാ­ മൊ­ഴി­


ചെന്നൈ: അന്തരിച്ച വിഖ്യാത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്.പി.ബിയുടെ ഫാം ഹൗസിൽ‍ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചെന്നൈ നഗരത്തിൽ‍ നിന്ന് 50 കിലോമീറ്റർ‍ മാറി തിരുവള്ളൂർ‍ ജില്ലയിലാണ് താമരപ്പാക്കം ഗ്രാമം. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് കോടന്പാക്കത്തെ വീട്ടിൽ‍നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചത്. താമരപ്പാക്കത്തേക്കുള്ള അവസാന യാത്രയിൽ‍ ഉടനീളം വഴിയരികിൽ‍ കാത്തുനിന്ന് ആരാധകർ‍ അദ്ദേഹത്തിന് ആദരാജ്ഞലി അർ‍പ്പിച്ചു. 

നേരത്തെ ഇന്നു രാവിലെ 11ഓടെ സംസ്കാര ചടങ്ങുകൾ‍ പൂർ‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അർ‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ‍ നീണ്ടുപോകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം സംസ്കരിച്ചു. ഫാം ഹൗസിലെ സ്ഥലത്തുനിന്ന് 500 മീറ്റർ‍ മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് പൊതുദർ‍ശനത്തിനുവച്ച ഭൗതികദേഹത്തിൽ‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ‍ ആദരാഞ്ജലി അർ‍പ്പിച്ചു. ചലചിത്ര താരം റഹ്മാൻ, സംവിധായകനായ ഭാരതിരാജ തുടങ്ങി നിരവധി പേർ‍ എസ്.പി.ബിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി.  

ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആഗസ്റ്റ് അഞ്ചിനായിരുന്നു ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സപ്റ്റംബർ നാലിന് അദ്ദേഹം കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂർച്ഛിച്ചതിനെത്തുടർന്ന് വെന്‍റിലേറ്റർ, എക്മോ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളായി.  എസ്.പി.ബി എന്നറിയപ്പെടുന്ന ബാലസുബ്രഹ്മണ്യത്തിന് 2001ൽ പദ്മശ്രീയും 2011ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. ആറു ദേശീയ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. 1966ൽ പുറത്തിറങ്ങിയ തെലുങ്കു സിനിമ ശ്രീ ശ്രീ മര്യാദ രാമണ്ണയാണ് എസ്.പി.ബിയുടെ ആദ്യചിത്രം. കടൽപ്പാലം എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളത്തിൽ പാടിയത്.

You might also like

  • Lulu Exchange

Most Viewed